'അപ്പം ഉണ്ടാക്കി വിൽക്കാനായി കെ റെയിലിന്റെ ആവശ്യമില്ല'; വന്ദേ ഭാരത് വന്ന സ്ഥിതിക്ക് കെ റെയിൽ വാശി ഉപേക്ഷിക്കണമെന്ന് കെ.മുരളീധരൻ

രണ്ട് മണിക്കൂർ ലാഭത്തിന് വേണ്ടി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും ഭൂമിയേറ്റെടുക്കൽ നടപടിയടക്കം മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Update: 2023-04-17 07:05 GMT

തിരുവനന്തപുരം: വന്ദേ ഭാരത് വന്ന സ്ഥിതിക്ക് കെ റെയിൽ വാശി ഉപേക്ഷിക്കണമെന്ന് കെ.മുരളീധരൻ. 2 മണിക്കൂർ ലാഭത്തിന് വേണ്ടി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും ഭൂമിയേറ്റെടുക്കൽ നടപടിയടക്കം മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പം ഉണ്ടാക്കി വിൽക്കാനായി കെ റെയിലിന്റെ ആവശ്യമില്ല, ഷൊർണൂരുണ്ടാക്കുന്ന അപ്പം ഷൊർണൂരിൽ വിറ്റാൽ പ്രശ്നം തീരും , കൊച്ചിയിൽ വേണ്ട അപ്പം കൊച്ചിക്കാരുണ്ടാക്കിക്കൊള്ളുമെന്നും മുരളീധരൻ പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതിയിൽ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. കോൺഗ്രസ് നേതാക്കൾ ക്രൈസ്തവ നേതൃത്വത്തെ കണ്ടത് നല്ല കാര്യമാണ് എന്നാൽ അതിന് ശേഷം നടത്തിയ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Advertising
Advertising

അതേസമയം, തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ വന്ദേഭാരത് പരീക്ഷണയോട്ടം നടത്തി. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്നാണ് വിവരം.

വന്ദേഭാരത് ട്രെയിനിന്റെ കൂടുതൽ ചർച്ചകൾക്കായി ദക്ഷിണ മേഖല റെയിൽവേ ഡിവിഷണൽ മാനേജർ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമെന്നതാണ് വന്ദേഭാരതിന്റെ പ്രത്യേകത. എന്നാൽ കേരളത്തിലെ പാതകളിൽ ഇത് സാധ്യമാവില്ല. 110 കിലോമീറ്റർ വരെ വേഗത്തിലേ ഓടിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News