മുജാഹിദ് സംസ്ഥാന സമ്മേളനം ഫെബ്രുവരിയിലേക്കു മാറ്റി

ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കേണ്ട സമ്മേളനമാണ് 15,16,17,18 തിയതികളിലേക്കു മാറ്റിനിശ്ചയിച്ചത്

Update: 2024-01-08 11:34 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനം ഫെബ്രുവരിയിലേക്കു മാറ്റി. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കേണ്ട സമ്മേളനമാണ് 15,16,17,18 തിയതികളിലേക്കു മാറ്റിനിശ്ചയിച്ചത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി നിര്‍മാണം തടസപ്പെട്ടതിനെ തുടര്‍ന്നാണു മാറ്റം.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.എന്‍.എം മര്‍കസുദഅ്‌വ സംയുക്ത കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്കി. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ കരിപ്പൂരിലെ 40 ഏക്കറോളം വിശാലമായ സമ്മേളന നഗരിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു പന്തല്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജനുവരി 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിലാണ് തിയതിയില്‍ മാറ്റംവരുത്തിയത്.

ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ക്ക് സമ്മേളനം വീക്ഷിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും സൗകര്യപ്പെടുന്ന പ്രധാന പന്തലിനു പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങള്‍, ഭക്ഷണ വിതരണ ഹാള്‍, കിച്ചണ്‍, ഗസ്റ്റ്‌ റൂം, ഓഫീസ് എന്നിവയും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദി മേസേജ് സയന്‍സ് എക്‌സിബിഷനുവേണ്ടി വിശാലമായ എയര്‍ കണ്ടീഷന്‍ഡ് പന്തലും നിര്‍മിക്കുന്നുണ്ട്. കിഡ്‌സ് പോര്‍ട്ട് പവലിയനില്‍ മിനി പാര്‍ക്ക് ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കും.

സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ കാര്‍ഷിക മേളയൊരുക്കുന്നുണ്ട്. ഇതിന്റെ പവലിയന്‍ നിര്‍മാണം ആരംഭിച്ചു. പുതുക്കിയ സമ്മേളന തിയതിക്ക് അനുസൃതമായി കാര്‍ഷിക മേള ഫെബ്രുവരി ഒന്‍പതു മുതല്‍ 18 വരെയും സയന്‍സ് എക്‌സിബിഷന്‍ ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെയും കിഡ്‌സ് പോര്‍ട്ട് ഫെബ്രുവരി 10 മുതല്‍ 18 വരെയും നടക്കും. ബുക്സ്റ്റാള്‍ജിയ ബുക്‌ഫെയര്‍ ഫെബ്രുവരി ഒന്‍പതു മുതല്‍ 18 വരെയും ഖുർആൻ പഠന സീരീസ് ഫെബ്രുവരി നാലു മുതല്‍ 14 വരെയുമാക്കി മാറ്റിനിശ്ചയിച്ചിട്ടുണ്ട്.

Summary: The KNM Markazudawa Mujahid State Conference scheduled to be held at Karipur from January 25 to 28 has been rescheduled to February 15, 16, 17 and 18.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News