പില്ലറിന്റെ തകരാർ പരിഹരിച്ചതായി അധികൃതർ; കൊച്ചി മെട്രോസർവീസുകൾ സാധാരണ രീതിയിൽ

347ആം നമ്പർ തൂണിലായിരുന്നു തകരാർ

Update: 2022-06-21 14:32 GMT

കൊച്ചി: പത്തടിപ്പാലത്തെ മെട്രോ തൂണിലെ തകരാർ പരിഹരിച്ചു. രാവിലെ മുതൽ മെട്രോ പഴയപോലെ പ്രവർത്തിച്ചു തുടങ്ങി. മൂന്ന് മാസം നീണ്ട നിർമ്മാണജോലികൾ ഇന്നലെയാണ് പൂർത്തിയായത്. താൽക്കാലികമായി സർവീസ് നിർത്തിവെച്ച ട്രാക്കിലൂടെയും ഇന്നുമുതൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗ് നടത്തി ട്രയിന്‍ യാത്ര പരിശോധനയും വേഗ പരിശോധനയും പൂർത്തിയാക്കി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു.

Advertising
Advertising

 അറ്റകുറ്റപ്പണി മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാൻ അധികൃതർക്ക് സാധിക്കാത്തതിനെ ചൊല്ലി വലിയ രീതിയിലുള്ള വിമർശനം നേരിട്ടിരുന്നു. പത്തടിപ്പാലത്തെ കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂണിൽ ഫെബ്രുവരിയിലാണ് ചരിവ് കണ്ടെത്തിയത്. പാളവും പാളത്തിലെ വയഡക്ടും തമ്മിലുള്ള അകലം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ തൂണിന് താഴെയുള്ള പൈലിങ്ങും പാറയും തമ്മിൽ ഒരു മീറ്ററിൻറെ അന്തരമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പൈലിങ് പാറയിൽ ഉറപ്പിക്കാത്തതുകൊണ്ടാണ് ചെരിവ് ഉണ്ടായതെന്നാണ് കണ്ടെത്തിയത്. ഡി എം ആർ സി യുടെ മേൽനോട്ടത്തിൽ എൽ ആന്റ് ടി കമ്പനിക്കായിരുന്നു നിർമാണ ചുമതല.

Full View

പാതയിൽ ട്രെയിൻ ഗതാഗതം തകരാറിലാവുകയും മാർച്ച് 19ന് തൂൺ ബലപ്പെടുത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പത്തടിപ്പാലത്തെ വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കൊച്ചി മെട്രോ അധികൃതർ പറഞ്ഞിരുന്നത്. മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണഗതിയിൽ നാല് പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

വർഷങ്ങൾക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ അറ്റകുറ്റപ്പണി നടക്കില്ലെന്ന വിലയിരുത്തിലിലാണ് ചരിവ് കണ്ടെത്തിയ സ്ഥലത്തെ പൈലിങ് ബലപ്പെടുത്താൻ തീരുമാനിച്ചത്. പിഴവ് സംഭവിച്ചെന്ന് ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും തുറന്നുപറഞ്ഞിരുന്നു. ഗുരുതര പിഴവ് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകാത്തതിൽ കൊച്ചി മെട്രോ അധികൃതർ വിമർശനം നേരിടുകയാണ്. 


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News