കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ ഡ്രോൺ സർവെ തുടങ്ങി
കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് സര്‍വെ നടക്കുന്നത്
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ ഡ്രോൺ സർവെ തുടങ്ങി. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് സര്‍വെ നടക്കുന്നത്. രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണം ജനുവരി അവസാനത്തോടെ തുടങ്ങും.
കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ലിഡാര്‍ (LiDAR) ഡ്രോൺ സർവെയാണ് ആരംഭിച്ചത്. കലൂര്‍ മുതൽ ഇൻഫോപാർക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ പാതയിലാണ് ഡ്രോൺ സർവെ നടക്കുക. മെട്രോ അലൈൻമെന്‍റിന്‍റെ സൂക്ഷ്മ ക്രമീകരണത്തിനായാണ് സർവെ. രണ്ടാം ഘട്ടം കടന്നുപോകുന്ന മേഖലകളിലെ ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾ ഡ്രോണ്‍ സര്‍വേയിലൂടെ മനസിലാക്കും. രണ്ടാം ഘട്ടത്തിലുളള നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോട്ട് പദ്ധതികളും അദ്യത്തെയും അവസാനത്തെയും മൈൽ കണക്റ്റിവിറ്റി പദ്ധതികളും തയ്യാറാക്കുന്നതിന് സർവ്വേ സഹായിക്കും.
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പദ്ധതിയുടെ മാനേജ്മെന്‍റ് കൺസൾട്ടൻസിയെ കണ്ടെത്താനുള്ള ടെൻഡർ കെ.എം.ആർ.എൽ ഈ ആഴ്ച പ്രസിദ്ധീകരിക്കും. ജിയോടെക്നിക്കൽ പരിശോധന ഒക്ടോബർ ആദ്യം തുടങ്ങാനാണ് തീരുമാനം.
രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടം ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ റോഡ് വീതി കൂട്ടുന്ന ജോലികൾ 75 ശതമാനം പൂർത്തിയായി. സ്റ്റേഷന്‍ നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന്‍റെ അനുമതി ലഭിക്കാനുണ്ട്. നിർമ്മാണ ടെൻഡർ നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യവാരമോ ക്ഷണിക്കും. രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണം 2023 ജനുവരി അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കെ.എം.ആർ.എല്ലിന്‍റെ പ്രതീക്ഷ.