കൊച്ചി വാട്ടർ മെട്രോ സർവീസ് ബുധനാഴ്ച മുതൽ: നിരക്കുകൾ പ്രഖ്യാപിച്ചു
ഇരുപത് രൂപയാണ് യാത്രയ്ക്കായി ഈടാക്കുന്ന കുറഞ്ഞ തുക
കൊച്ചി: കൊച്ചി വാട്ടർമെട്രോയുടെ പൊതുജനങ്ങൾക്കായുള്ള സർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. കുറഞ്ഞ തുക 20, കൂടിയ തുക 40 എന്നിങ്ങനെയാണ് യാത്രാ നിരക്ക്.
പതിനഞ്ച് മിനുട്ട് ഇടവേളകളിൽ വാട്ടർ മെട്രോ സർവീസ് നടത്തും. പ്രാരംഭ ഘട്ടമായതിനാൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ സർവീസ് നടത്താനാണ് തീരുമാനം. യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവീസുകൾക്കിടയിലെ സമയം നിജപ്പെടുത്തും. വ്യാഴാഴ്ച മുതൽ കാക്കനാട്- വൈറ്റില റൂട്ടിലും തിരിച്ചും വാട്ടർമെട്രോ പൊതുജനങ്ങൾക്കായി സർവീസ് നടത്തി തുടങ്ങും. 30 രൂപയാണ് യാത്രാനിരക്ക്. മറ്റ് റൂട്ടുകളിലേക്ക് സർവീസ് ആരംഭിച്ചാൽ കൂടിയ നിരക്ക് 40 രൂപ ആയിരിക്കും.
ടെർമിനലുകളിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ഒറ്റത്തവണ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളും ,വിവിധ യാത്രാ പാസുകളും ലഭിക്കും. കൂടാതെ കൊച്ചി മെട്രോയുടെ വൺ കാർഡും വാട്ടർമെട്രോയ്ക്കായി ഉപയോഗിക്കാം. ഭിന്നശേഷി സൗഹൃദമായ ടർമിനിലുകളും ശീതികരിച്ച ബോട്ടുമാണ് വാട്ടർമെട്രോയുടെ പ്രധാന സവിശേഷത.
ടിക്കറ്റ് നിരക്ക്
കൂടിയ നിരക്ക്- 40 രൂപ
കുറഞ്ഞ നിരക്ക്: 20 രൂപ
ഹൈക്കോർട്ട് -വൈപ്പിൻ: 20 രൂപ
വൈറ്റില- കാക്കനാട്- 30 രൂപ
പ്രതിവാര പാസ്: 180 രൂപ
പ്രതിമാസ പാസ്: 600 രൂപ
ത്രൈമാസ പാസ്: 1500 രൂപ