കൂട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി; അടിയന്തര ആവശ്യങ്ങള്‍ക്കു പോലും ആറ് മുറിച്ചുകടക്കണം
ആശുപത്രിയിൽ പോകാനും ഭക്ഷണസാധനങ്ങൾ വാങ്ങാനും സാഹസികമായ യാത്ര തന്നെ വേണം
ഉരുൾപൊട്ടലിന്‍റെ ദുരിതം ഇപ്പോഴും കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളെ വിട്ടുമാറിയിട്ടില്ല. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നതാണ് ഈ മേഖലയിലുള്ളവരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ രക്ഷപ്പെടാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോൾ ഇവിടെ ഉള്ളത്.
ആറിനപ്പുറം ഇടുക്കി ജില്ലയിലെ കൊക്കയാറാണ്. പക്ഷേ എല്ലാ ആവശ്യങ്ങൾക്കും ഈ പ്രദേശത്തെ ആളുകൾ ആശ്രയിക്കുന്നത് കൂട്ടിക്കൽ പഞ്ചായത്തിനെ തന്നെ. ഉരുൾപൊട്ടി വെള്ളം പുല്ലകയാറ്റിലൂടെ കുത്തിയൊലിച്ചെത്തിയപ്പോൾ പാലത്തിന്റെ പകുതിയും ഒലിച്ച് പോയി. ഇപ്പോൾ മറുകരയെത്താൻ ആറ്റിലൂടെ തന്നെ ഇറങ്ങി നടക്കണം.
ആശുപത്രിയിൽ പോകാനും ഭക്ഷണസാധനങ്ങൾ വാങ്ങാനും സാഹസികമായ യാത്ര തന്നെ വേണം. എല്ലാത്തിലും ഉപരി വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായാൽ രക്ഷപ്പെടാനും പുല്ലകയാർ തന്നെ കടക്കണം. നിരവധി ഉരുളുകളാണ് ഈ മേഖലയിൽ പൊട്ടിയത്. ആ വെള്ളമെല്ലാം ഒഴുകിയെത്തുന്നതും ഇവിടേക്ക് തന്നെ. അതുകൊണ്ട് തന്നെ നാശനഷ്ടവും ഇവിടെ കൂടുതലാണ്. താത്കാലിക പാലമെങ്കിലും അടിയന്തരമായി നിർമിക്കേണ്ടത് അത്യാവശ്യമാണ്. ഈ പാലം മാത്രമല്ല പ്രദേശത്തെ നാല് പാലങ്ങൾ ഉരുൾ പൊട്ടലിൽ തകർന്നിട്ടുണ്ട്.