സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷം രൂപ പിഴയിട്ട് കോഴിക്കോട് എൻ.ഐ.ടി
രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തതതിനാണ് 5 വിദ്യാർഥികളോട് അധികൃതരുടെ പ്രതികാര നടപടി
കോഴിക്കോട്: രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി കാലിക്കട്ട് എൻ.ഐ.ടി. സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾക്കായി 33ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്.
മാർച്ച് 22 ന് കാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞാണ് പിഴയിട്ടിരിക്കുന്നത്. ഒരു വിദ്യാർഥി 6,61,155 രൂപ അടക്കണം. വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർഷ്, ബെൻ തോമസ് എന്നിവർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സമരം മൂലം ജീവനക്കാർക്ക് കാമ്പസിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ അന്ന് കാമ്പസിന് പ്രവർത്തിക്കാനായില്ല. ഒരു പ്രവൃത്തി ദിവസം നഷ്ടമായെന്നും അതുമൂലം കാമ്പസിനുണ്ടായ നഷ്ടടം നികത്താൻ വിദ്യാർഥികൾ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
വിദ്യാർഥികൾ അർധ രാത്രിക്ക് മുമ്പ് ഹോസ്റ്റലിൽ തിരിച്ചു കയറണമെന്നതടക്കമുള്ള സർക്കുലർ ഡീൻ പുറത്തിറക്കിയതിന് പിന്നാലെയാണ് സമരവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. കാന്‍റീൻ പ്രവർത്തനം രാത്രി 11വരെയാക്കി. നേരത്തെ 24 മണിക്കൂർ കാന്‍റീൻ ആയിരുന്നു ഉണ്ടായിരുന്നത്. രാത്രി പുറത്തുപോകുന്നത് സുരക്ഷയെ ബാധിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
2020ൽ ഇത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞിരുന്നു. ശേഷം, വിദ്യാർഥികൾ രാത്രിയുടനീളം കാമ്പസിൽ കറങ്ങി നടക്കുന്നത് പലരും പരാതി ഉന്നയിച്ചിരുന്നു. തുടർന്ന്, ഇത് വിദ്യാർഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നായിരുന്നു അധികൃതർ വിശദീകരിച്ചത്.