കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടല്‍; ഒരാളെ കാണാനില്ല
മഴവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി
കോഴിക്കോട്: കനത്തമഴയിൽ കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ. മഴവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. ഈ പ്രദേശത്തെ ആളുകളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ ആളപായമുണ്ടായിട്ടില്ല. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ റോഡുകളെല്ലാം തകർന്നു. വീടുകൾക്കെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിക്കുന്നത്. എൻ.ഡി.ആർ സംഘം വിലങ്ങാട് എത്തിയിട്ടുണ്ട്.
വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ സമയത്താണ് വിലങ്ങാടും ഉരുൾപൊട്ടലുണ്ടായതെന്നാണ് കരുതുന്നത്.
അതേസമയം, കനത്ത മഴയിൽ കോഴിക്കോട് ബാലുശ്ശേരി താഴെ തലയാട് പാലം ഒലിച്ചു പോയി.ഇതോടെ എസ്റ്റേറ്റ് മുക്കിൽ നിന്നും തലയാട് ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു.
അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയകയാണ്. വിവിധ ഭാഗങ്ങളില്‍നിന്നായി 15 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ കുട്ടികളുമുണ്ട്. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങള്‍ക്കു പുറമെ മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര്‍ മണ്ണിനടിയിലാണ്.
ഉരുള്‍പൊട്ടലില്‍ 40 പേര്‍ മേപ്പാടിയിലെ വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. നാല് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്. വയനാട്ടിലെ ഹാരിസണ്‍സ് എസ്റ്റേറ്റില്‍ എട്ട് തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള ഏക പാലം ഒലിച്ചുപോയി. 400 കുടുംബങ്ങള്‍ എസ്റ്റേറ്റിലുണ്ടെന്നാണ് വിവരം.