ഹരിത വിവാദം ലീഗ് ഇനിയും ചർച്ച ചെയ്യുമെന്ന് കെ.പി.എ മജീദ്; സ്വാഗതം ചെയ്ത് തഹ്‌ലിയയും മുഫീദയും

പ്രമുഖ ലീഗ് നേതാക്കള്‍ ഇക്കാര്യത്തിൽ ഇനി ചർച്ചയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2021-09-17 12:13 GMT
Advertising


 



ഹരിത വിവാദം ഇനിയും ചർച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ കെ.പി.എ മജീദ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. അഭിപ്രായത്തെ സ്വാഗതം ചെയ്ത് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കംചെയ്യപ്പെട്ട ഫാത്തിമ തഹ്‌ലിയ, ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്‌നി തുടങ്ങിയവർ രംഗത്തെത്തി.

എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവുകയും മുസ്‌ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.

മുസ്‌ലിംലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്'' കെ.പി.എ മജീദ് കുറിപ്പിൽ പറഞ്ഞു.

നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടത്. നേതാക്കളും പ്രവർത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയത്. ഈ ആദർശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്നേഹവും ബഹുമാനവും നിലനിർത്തി നമുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.

പല നേതാക്കളും ഇക്കാര്യത്തിൽ ഇനി ചർച്ചയില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മുതിർന്ന നേതാവായ കെ.പി.എ മജീദിന്റെ അനുകൂല പ്രതികരണം.




 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News