കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തുടരുന്നു; അന്തിമ പട്ടിക സമര്‍പ്പിക്കാനാവാതെ കെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങി

രണ്ട് മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന ആവശ്യത്തില്‍ തട്ടിയാണ് പട്ടികയില്‍ വീണ്ടും അനിശ്ചിതത്വമായത്

Update: 2021-10-11 12:48 GMT
Editor : Dibin Gopan | By : Web Desk
Advertising

കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തുടരുന്നു. അന്തിമ പട്ടിക സമര്‍പ്പിക്കാനാവാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നാട്ടിലേക്ക് മടങ്ങി. മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ തട്ടിയാണ് പട്ടിക നീളുന്നത്. മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷവും കെപിസിസി ഭാരവാഹി പട്ടികയില്‍ സമവായമായില്ല. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ബിഹാറിലേക്ക് പോയതോടെ കെ.സുധാകരന്‍ നാട്ടിലേക്കു മടങ്ങി.

രണ്ട് മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന ആവശ്യത്തില്‍ തട്ടിയാണ് പട്ടികയില്‍ വീണ്ടും അനിശ്ചിതത്വമായത്. ഡിസിസി അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ തൃശൂരില്‍ എംപി വിന്‌സെന്റിനു ഇളവ് നല്‍കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഇതേ ആനുകൂല്യം കോഴിക്കോട് മുന്‍ ഡിസിസി അധ്യക്ഷന്‍ രാജീവന്‍ മാസ്റ്റര്‍ക്ക് നല്‍കണമെന്നു ടി.സിദ്ദിഖും ഉന്നയിച്ചു. എന്നാല്‍ വനിതകള്‍ക്കല്ലാതെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനാവില്ലെന്ന നിലപാടാണ് കെ.സുധാകരന്‍ സ്വീകരിച്ചത്.

ഇതിനിടയില്‍ കെ.ജയന്തിന് വേണ്ടി സുധാകരന്‍ നിലയുറപ്പിച്ചത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് തള്ളിവിട്ടു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു പോയ ജയന്ത് അഞ്ച് വര്‍ഷമായി പാര്‍ട്ടിയില്‍ സജീവമല്ലെന്നു വ്യക്തമാക്കി കോഴിക്കോട് ഡിസിസി പ്രസിഡന്റ പ്രവീണ്‍കുമാര്‍,എംപി എംകെ രാഘവന്‍ എന്നിവര്‍ രംഗത്ത് വന്നു. തെരഞ്ഞെടുപ്പുകളില്‍ പോലും പാര്‍ട്ടിക്ക് വേണ്ടി രംഗത്തിറങ്ങാത്ത ജയന്തിന് ഭാരവാഹിത്വം നല്‍കുന്നത് തെറ്റായ സന്ദേശം അണികള്‍ക്ക് നല്‍കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഈ മെയിലുകള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചു. മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെയാണ് കെ.സുധാകരന്‍ നാട്ടിലേക്കു മടങ്ങിയത്

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News