കെ.പി.സി.സി പുനഃസംഘടന; അതൃപ്തിയുമായി ഉമ്മൻചാണ്ടി
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും
കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തിയുമായി ഉമ്മൻചാണ്ടി. ഡൽഹിയിൽ എത്തിയ ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും.സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി ഡൽഹിലെത്തി സോണിയ ഗാന്ധിയെ കാണുന്നത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍റെ തീരുമാനത്തിലുള്ള അത്യപ്തിയും ഉമ്മൻ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും. പാർട്ടി ദേശീയ നേതൃത്വം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നാണ് എ, ഐ ഗൂപ്പുകളുടെ നിലപാട്.
ഉപദേശങ്ങൾ നൽകുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോൾ എന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ പ്രസ്താവനയിലും ഉമ്മൻ ചാണ്ടി അതൃപ്തി അറിയിക്കുമെന്നാണ് സൂചന. ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചപ്പോൾ തന്നെ വേണ്ടത്ര കൂടിയാലോചനകൾ പാർട്ടിയിൽ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.