'പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ല'; പൊലീസ് നടപടിക്കെതിരെ സി.പി.ഐ

സംഭവം സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.

Update: 2022-04-25 09:31 GMT
Advertising

തിരുവനന്തപുരം കഴക്കൂട്ടത്ത് കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ സി.പി.ഐ. പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. സംഭവം സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. മംഗലപുരം സി.ഐ ആണ് ബൂട്ടിട്ട് ചവിട്ടിയതെന്ന് മർദനമേറ്റയാൾ മീഡിയവണിനോട് പറഞ്ഞു.

Full View

നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങിയതിനെത്തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങി. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയെ വിമര്‍ശിച്ച് സി.പി.ഐ രംഗത്തെത്തിയത്.

അതേസമയം സി.പി.എമ്മിന് പിന്നാലെ സി.പി.ഐയിലും പ്രായപരിധി കർശനമാക്കുന്നു. ദേശീയ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി നിശ്ചയിക്കാൻ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറിമാർക്ക് പുറമേ മണ്ഡലം സെക്രട്ടറിമാരുടെ പ്രായവും അറുപതായി നിജപ്പെടുത്താൻ നേതൃയോഗങ്ങൾ തീരുമാനിക്കും. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന സി.പി.ഐ ദേശീയ കൗൺസിലിൽ ദേശീയ കൗൺസിൽ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചിരുന്നു. ഇതു സംസ്ഥാനനേതൃതലത്തിലും ബാധകമാക്കി അംഗീകരിക്കാനാണ് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും നാളെ സംസ്ഥാന കൗൺസിലും ചേരുന്നത് . ഇതോടെ സംസ്ഥാന എക്‌സിക്യൂട്ടീവില് നിന്നും കൗൺസിലിൽ നിന്നും 75 വയസായവർ ഒഴിവാകും.

തീരുമാനത്തോടെ സി. ദിവാകരൻ, കെ.ഇ ഇസ്മയിൽ ഉൾപ്പെടെയുള്ള പല പ്രമുഖ നേതാക്കളും സംസ്ഥാന നേതൃത്വത്തില്‍ നിന്നും മാറി നിൽക്കേണ്ടി വരും. ജില്ലാ സെക്രട്ടറിമാരുടെ പ്രായം അറുപതായി ദേശീയ കൗൺസിൽ നിശ്ചയിച്ചെങ്കിലും മണ്ഡലം സെക്രട്ടറിമാരുടേതിൽ തീരുമാനമെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറിമാരുടേതിന് സമാനമായി മണ്ഡലം സെക്രട്ടറിമാരുടെതും 60 ആക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്.

ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രായപരിധി 45 ആയിട്ടാണ് ദേശീയ കൗൺസിൽ നിശ്ചയിച്ചതെങ്കിലും അത് പ്രായോഗികമല്ലെന്ന് സംസ്ഥാനനേതൃത്വം വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് 45 പ്രായപരിധി കഴിഞ്ഞ പലരേയും ബ്രാഞ്ച് സെക്രട്ടറിമാരായ തെരഞ്ഞെടുത്തിരുന്നു..സമകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണി കൺവീനറായതിന് പിന്നാലെ മുസ്‍ലിം ലീഗിനെ ക്ഷണിച്ച ഇ.പി ജയരാജന്റെ നടപടിയിൽ സി.പി.ഐയ്ക്ക് എതിർപ്പുണ്ട്. ഇ.പി ജയരാജനെതിരെ ഇന്നത്തെ യോഗത്തിൽ വിമർശനം ഉയർന്നേക്കും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News