ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം; ഒപ്പിടാൻ തയ്യാറാകാതെ റസാഖിന്റെ കുടുംബം
അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നായിരുന്നു കെഎസ്ഇബി ചെയർമാൻ പുറത്തിറക്കിയ പ്രസ്‌താവന
കോഴിക്കോട്: വൈദ്യുതി വിച്ഛേദിച്ചത് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ ഒപ്പിടാതെ റസാഖിന്റെ കുടുംബം. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടെങ്കിലും റസാഖ് വഴങ്ങിയില്ല. മക്കൾ ചെയ്ത അതിക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും സത്യവാങ്മൂലത്തിലുണ്ട്. കോഴിക്കോട് കലക്ടർ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് താമരശേരി തഹസിൽദാർ വീട്ടിലെത്തിയത്.
ജീവനക്കാരെ ആക്രമിക്കില്ല എന്ന ഉറപ്പ് വാങ്ങാൻ ഉദ്യോഗസ്ഥരെ അയക്കണെമെന്ന് കലക്ടർക്ക് കെഎസ്ഇബി ചെയർമാൻ നൽകിയ നിർദേശത്തിലായിരുന്നു നടപടി. ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ചെയർമാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് റാന്തൽ കത്തിച്ച് പ്രതിഷേധിച്ചു. തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അജ്മലിന്റെ വീട്ടിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. തുടർന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കെഎസ്ഇബി ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചു അജ്‌മലിന്റെ മാതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടിലായ അജ്‌മലിന്റെ മാതാപിതാക്കൾ കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ വീണ പിതാവ് റസാക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് മാതാവ് മറിയം പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചു അജ്‌മലിന്റെ മാതാവ് തിരുവമ്പാടി പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപനമാണെന്നും തന്നെ ഉദ്യോഗസ്ഥർ മർദിച്ചെന്നും അജ്‌മൽ പറഞ്ഞു. എന്നാൽ അജ്‌മൽ സ്ഥിരം പ്രശ്നക്കാരനാണെന്നും തങ്ങളെ ആക്രമിച്ചതിനാലാന്ന് നടപടി എടുത്തതിന്നാണ് ഉദ്യോഗസ്ഥരുടെ വാദം.