വേനല്‍ക്കാല ആവശ്യത്തിനുള്ള വൈദ്യുതിക്കായി നെട്ടോട്ടമോടി കെ.എസ്.ഇ.ബി; ഉയര്‍ന്ന വിലക്ക് പുറത്ത് നിന്ന് വാങ്ങാന്‍ ശ്രമം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തേക്കുള്ള വൈദ്യുതി ആവശ്യത്തിനായിട്ടാണ് കെഎസ്ഇബി ശ്രമം തുടങ്ങിയത്

Update: 2024-01-19 04:02 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വേനല്‍ക്കാല ആവശ്യത്തിനുള്ള വൈദ്യുതിക്കായി നെട്ടോട്ടമോടി കെ.എസ്.ഇ.ബി ഉയര്‍ന്ന വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് തേടി. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയാല്‍ സര്‍ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ഈടോക്കേണ്ടി വരും.

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തേക്കുള്ള വൈദ്യുതി ആവശ്യത്തിനായിട്ടാണ് കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയത്. ഇതില്‍ ഏപ്രില്‍ 15 വരെ അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെ 200 മെഗാവാട്ടും ഏപ്രില്‍ 1 മുതല്‍ 15 വരെ 150 മെഗാവാട്ടുമാണ് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വാങ്ങുന്നത്. ഇതിന് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഏപ്രില്‍, മേയ് മാസമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യകത.

1200 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. ഡാമുകളില്‍ 67 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ആഭ്യന്തര ഉത്പാദനം കൊണ്ട് വിടവ് നികത്താനാവില്ല. ഉയര്‍ന്ന വിലക്ക് പുറത്തു നിന്ന് വൈദ്യുതി എത്തിക്കേണ്ടി വരും. അദാനി എന്റര്‍പ്രൈസസ്, പിടിസി ഇന്ത്യ, ടാറ്റാ പവേഴ്സ് എന്നിവയില്‍ നിന്ന് യൂണിറ്റിന് 8.69 രൂപ നിരക്കില്‍ ഏപ്രില്‍, മേയ് മാസത്തേക്കായി 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിയറിങ് നടത്തിയ കമ്മീഷന്‍ ഇതില്‍ തീരുമാനം ഉടനെടുക്കും. യൂണിറ്റിന് 4.29 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ കരാര്‍ പുനഃസ്ഥാപിച്ചെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കിയിട്ടില്ല. ഇതിനെ നിയമപരമായി നേരിടാന്‍ പോലും കെഎസ്ഇബിക്കായിട്ടില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News