മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സിക്കെതിരെയും അന്വേഷണം; സി.പി.എമ്മിനൊപ്പം സർക്കാരും പ്രതിരോധത്തില്‍
സി.എം.ആര്‍.എല്‍, എക്സാലോജിക് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്ന് ഇനി സി.പി.എമ്മിനു ന്യായീകരിക്കാനാകില്ല
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സി കൂടി ഭാഗമായതോടെ സി.പി.എമ്മിനൊപ്പം സർക്കാരും പ്രതിരോധത്തില്‍. സി.എം.ആര്‍.എല്‍, എക്സാലോജിക് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്ന് ഇനി ന്യായീകരിക്കാനാകില്ല. അന്വേഷണവാർത്തയോട് കൃത്യമായി പ്രതികരിക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് തയാറായിട്ടില്ല. അതേസമയം, നിയമസഭ തുടങ്ങാനിരിക്കെ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കം.
നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായി തന്നെ സേവനലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നല്‍കിയത്. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അതില്‍നിന്ന് മാറി വിഷയം സർക്കാരിലേക്കുകൂടി എത്തിച്ചേർന്നിരിക്കുകയാണ്.
കരാറുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പായ കെ.എസ്.ഐ.ഡി.സി കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് അന്വേഷണം പ്രഖ്യാപിച്ചുള്ള കമ്പനികാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി പി. രാജീവ് തയാറായിട്ടില്ല. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ആദ്യം മാത്യു കുഴൽനാടൻ മറുപടി പറയട്ടെയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മന്ത്രി ചെയ്തത്.
കേന്ദ്ര അന്വേഷണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരിന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ പ്രതികരണം. അന്വേഷണങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയത്തിന് വഴിതെളിക്കാനാണ് അന്വേഷണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
അതേസമയം, എക്സാലോജിക്കിനെതിരായ അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നെ സി.പി.എം-സംഘ്പരിവാർ അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണം. അന്വേഷണത്തിൽ സി.പി.എമ്മും മന്ത്രിമാരും മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു.
Summary: With KSIDC also accused in the centre's investigation against the Exalogic, the Kerala state government is on the defensive along with the CPM.