'അത്യാവശ്യക്കാർക്ക് അഞ്ചാം തീയതി ആദ്യ ഗഡു' : ശമ്പള വിതരണത്തിൽ വിചിത്ര ഉത്തരവുമായി കെ.എസ്.ആർ.ടി.സി
അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി
കൊച്ചി: ശമ്പള വിതരണത്തിൽ പുതിയ ഉത്തരവുമായി കെ.എസ്.ആർ.ടി.സി. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ടവർക്ക് കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്ന് ആദ്യ ഗഡു നൽകും. ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷം നൽകാനാണ് തീരുമാനം.
കഴിഞ്ഞ മാസത്തെ ശമ്പള വിതരണം തന്നെ വലിയ പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടിട്ടും 30 കോടി മാത്രമാണ് ലഭിച്ചതെന്നും ഇതുകൊണ്ട് തന്നെ പല ശ്രോതസ്സുകളിൽ നിന്നായി പണമെടുക്കേണ്ടി വന്നുവെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിൽ ജീവനക്കാർക്കുള്ള മനോവിഷമം മനസ്സിലാക്കിയാണ് പുതിയ നടപടിയെന്നാണ് കെഎസ്ആർടിസിയുടെ വാദം.
കെഎസ്ആർടിസിയുടെ പക്കലുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്താണ് ആദ്യ ഗഡു നൽകുക. സർക്കാർ സഹായം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ അടുത്ത ഗഡുവും നൽകും. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശമ്പളം ആവശ്യമുള്ളവർ സമ്മതപത്രം നൽകേണ്ടി വരും.
അതേസമയം വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്നും ബാക്കി തുക മുൻഗണന അനുസരിച്ച് നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
2022 ജനുവരിക്ക് ശേഷം വിരമിച്ച 1002 പേർക്കും ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് ഉത്തരവ്. ജീവനക്കാർക്ക് അൽപമെങ്കിലും ആശ്വാസമാകട്ടെ എന്നായിരുന്നു ഉത്തരവിന് പിന്നാലെ കോടതിയുടെ പരാമർശം. മക്കളുടെ വിവാഹം, അടിയന്തര മെഡിക്കൽ ആവശ്യം, ലോൺ തിരിച്ചടവ് എന്നീ ആവശ്യങ്ങൾക്കുള്ള ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.