മർദിച്ച പൊലീസുകാരന്‍റെ ഫോട്ടോ സഹിതം പരാതി നൽകി കെ.എസ്.യു നേതാവ് നെസിയ മുണ്ടപ്പള്ളിൽ
പൊലീസുകാരോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും പിന്നീട് സഹപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഏറെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും നെസിയ ആരോപിച്ചു.
തിരുവനന്തപുരം: പൊലീസ് മർദനത്തിൽ പരിക്കേറ്റ കെ.എസ്.യു വനിതാ നേതാവ് നെസിയ മുണ്ടപ്പള്ളിൽ പരാതി നൽകി. ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമാണ് പരാതി നൽകിയത്.
ആക്രമിച്ച പൊലീസുകാരന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടെ ആണ് പരാതി. പൊലീസുകാരനെതിരെ ശക്തമായ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പൊലീസുകാരോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും പിന്നീട് സഹപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഏറെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും നെസിയ ആരോപിച്ചു. തന്നെ പൊലീസുകാരൻ മർദിക്കുന്ന സമയത്ത് വനിതാ പൊലീസ് നോക്കി നിൽക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്.
കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് നെസിയക്ക് പരിക്കേൽക്കുന്നത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ നസിയയുടെ മുഖത്ത് അടിക്കുകയായിരുന്നു. പുരുഷ പൊലീസാണ് നെസിയയെ ആക്രമിച്ചത്. ആക്രമണത്തിൽ നെസിയയുടെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു.