പാഠ്യപദ്ധതി പരിഷ്കരണവുമായി കെടിയു; പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ എല്ലാ ബ്രാഞ്ചുകളിലും പാഠ്യവിഷയമാക്കി

Update: 2024-06-07 02:08 GMT
Advertising

തിരുവനന്തപുരം: സംരഭകത്വത്തിന് പ്രാധാന്യം നൽകി പാഠ്യപദ്ധതി പരിഷ്കരണവുമായി സാങ്കേതിക സർവകലാശാല. പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തിയാണ് ബി- ടെക് പുതിയ പാഠ്യപദ്ധതി. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന പ്രത്യേക ശിൽപശാലയിൽ പുതുക്കിയ കരിക്കുലം പ്രകാരമുള്ള സിലബസ് തയാറാക്കും.

സമഗ്രമായ പരിഷ്കരണം ആണ് ഈ വർഷം ബി.ടെക് പാഠ്യപദ്ധതിയിൽ വരുത്തിയിട്ടുള്ളത്. വിദ്യാർത്ഥികളെ ഒരേ സമയം തൊഴിലിനും വ്യവസായത്തിനും പ്രാവീണ്യം ഉള്ളവരാക്കുക, അടിസ്ഥാന കഴിവുകൾ വികസിപ്പിക്കുക എന്നിവ പുതിയ മാറ്റം കൊണ്ട് സർവകലാശാല ലക്ഷ്യമിടുന്നൂ. പുതുതലമുറ കോഴ്സുകൾക്ക് മുൻതൂക്കം നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ എല്ലാ ബ്രാഞ്ചുകളിലും പാഠ്യവിഷയമാക്കി.

ഉള്ളടക്കത്തിലെ അമിതഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് എന്ന തരത്തിലാണ് ക്രമീകരണം. ഇൻ്റേൺഷിപ്പിനും സ്വയം പഠനത്തിനും പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകുന്നു. ഇത് വഴി സ്റ്റാർട്ടപ്പുകളിലും സാങ്കേതിക വ്യവസായ മേഖലകളിലും വിദ്യാർഥികൾക്ക് മുന്നേറാൻ കഴിയുമെന്നാണ് സർവകലാശാലയുടെ കണക്കുകൂട്ടൽ.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് വേണ്ടിയാണ് തിരുവനന്തപുരം മാർ ബസേലിയോസ് കോളേജിൽ പ്രത്യേക ശിൽപശാല നടത്തുന്നത്. കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ നിന്നായി ബോർഡ് ഓഫ് സ്റ്റഡീസിനെ പ്രതിനിധീകരിച്ച് 125 അധ്യാപകർ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ആരംഭിച്ച ശിൽപശാല ജൂൺ 11ന് സമാപിക്കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News