ഒരു തെറ്റും ചെയ്തിട്ടില്ല, നോട്ടീസിന് വ്യക്തമായ മറുപടി നൽകും: കെ.വി തോമസ്

അച്ചടക്ക സമിതി എന്ത് നടപടിയെടുത്താലും ഞാൻ അംഗീകരിക്കും. എ.കെ ആന്റണി നീതി മാത്രമേ പ്രവർത്തിക്കൂ എന്ന് തനിക്കുറപ്പുണ്ടെന്നും കെ.വി തോമസ് പറഞ്ഞു

Update: 2022-04-11 10:25 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുമെന്ന് കെ.വി തോമസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

''പുറത്താക്കിയാലും കോൺഗ്രസുകാരനായി തുടരും. മറുപടി കൊടുക്കാൻ 48 മണിക്കൂർ മതി. അച്ചടക്ക സമിതി എന്ത് നടപടിയെടുത്താലും ഞാൻ അംഗീകരിക്കും. എ.കെ ആന്റണി നീതിപൂർവമായേ പ്രവർത്തിക്കൂവെന്ന് എനിക്കുറപ്പുണ്ട്. പരാതി പരിഗണനയിലുള്ള സമയത്തും എന്നെ ആക്രമിക്കുന്നത് എന്ത് രീതിയാണ്. സെമിനാറിനായി കണ്ണൂരിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് എന്തായി? എന്റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗ് വന്നിട്ടുണ്ട്. വി.പി സിംഗ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ..? സെമിനാറില്‍ പങ്കെടുക്കരുതെന്ന നിലപാടേ ശരിയല്ല'' കെ.വി തോമസ് പറഞ്ഞു.

ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് കാരണംകാണിക്കല്‍ നോട്ടീസ് നൽകിയത്. വിലക്ക് ലംഘിച്ച കെ.വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേർന്ന എ.ഐ.സി.സി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

കെ.വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തയാളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാരനാണ് കെ.വി തോമസെങ്കില്‍ പ്രവര്‍ത്തകരുടെ വികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് സി.പി.എം വേദിയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിനാവില്ല. സി.പി.എമ്മിന്റെ പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെന്ന് കെ.വി തോമസ് തെളിയിച്ചാല്‍ അദ്ദേഹത്തോട് ക്ഷമപറയാനും കുമ്പസരിക്കാനും ഞങ്ങള്‍ തയ്യാറാണ്. പാര്‍ട്ടിയോട് വിശ്വാസവഞ്ചന കാണിച്ച, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ഒരാളായി മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്ക് കെ.വി തോമസിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും കെ. സുധാകരന്‍ പറഞ്ഞു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News