'പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ'; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് കെ.വി തോമസ്
'എന്നെ പുറത്താക്കാൻ കോൺഗ്രസിൽ സംഘടിത ഗൂഢാലോചന'
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ കോൺഗ്രസുകാരനാണ്. എക്കാലവും കോൺഗ്രസുകാരനായിരിക്കും. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് വലിയ കാഴ്ചപ്പാടുണ്ട്. ചരിത്രമുണ്ട്. ഞാൻ മാത്രമാണോ ഇങ്ങനെ ഒരു സമീപനമെടുത്തിട്ടുള്ളത്. കെ കരുണാകരൻ കോൺഗ്രസ് വിട്ടു പോയില്ലേ? കോൺഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. എ.കെ ആന്റണി ഇടതുമുന്നണി ഭരണത്തിൽ പങ്കാളിയായില്ലേ? ഡൽഹിയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തില്ലേ?'- അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പറത്താക്കട്ടെ എന്നും തോമസ് വെല്ലുവിളിച്ചു. 'അതാണല്ലോ കണ്ണൂരു നടന്നത്. സിപിഎം പരിപാടിയിൽ പങ്കെടുക്കരുതെന്ന് എന്നോട് കെ.സി വേണുഗോപാൽ പറഞ്ഞു. പിറ്റേ ദിവസം മുതൽ എന്നെ അറ്റാക്ക് ചെയ്തു. 2018 മുതൽ അത്തരമൊരു അറ്റാക്ക് നടക്കുന്നുണ്ട്. ആന്റണി ചെയർമാനായ കമ്മിറ്റിയാണ് സംഭവം അന്വേഷിച്ചത്. കഴിഞ്ഞയാഴ്ച എന്റെ മെമ്പർഷിപ്പ് അംഗീകരിച്ചു വന്നു. 2018 മുതൽ എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്' - തോമസ് ആരോപിച്ചു.
പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ ആരുടെയും കല്യാണമൊന്നുമില്ല എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയോടും തോമസ് പ്രതികരിച്ചു. എല്ലാവരും പങ്കെടുക്കുന്നത് കല്യാണത്തിനാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സിപിഎമ്മിൽ നിന്ന് ഓഫറില്ലെന്നും ഒരാളും അങ്ങോട്ട് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തൃക്കാക്കരയിൽ ജോ ജോസഫ് ജയിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ആത്മാർത്ഥമായാണ് പ്രചാരണത്തിനിറങ്ങുന്നത്. ആരു ജയിക്കുമെന്നൊന്നും ഞാൻ പ്രവചിക്കുന്നില്ല. സിൽവർ ലൈൻ മാത്രമല്ല വിഷയം. ഞാൻ കൂടി നിർബന്ധിച്ചാണ് കേരളത്തിൽ ഗെയിൽ പദ്ധതി വന്നത്. അതിനു ശേഷം നിരവധി മുഖ്യമന്ത്രിമാർ വന്നു. എന്നാൽ അത് നടപ്പിലാക്കിയത് പിണറായി വിജയനാണ്.'- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ആക്രമിക്കുന്ന ബ്രിഗേഡ് സംവിധാനം കോൺഗ്രസിൽ വന്നെന്നും അദ്ദേഹം ആരോപിച്ചു. 'ഇത്തരം ബ്രിഗേഡുകൾ അവസാനിപ്പിക്കണം. അത് ആർക്കാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിൽ ഞാൻ മാത്രം മതി എന്ന ചിന്തയാണ് പ്രശ്‌നം.' - തോമസ് കൂട്ടിച്ചേർത്തു. ഇനി എംപിയും എംഎൽഎയും ആകാനില്ലെന്നും അദ്ദേഹം പറഞ്ഞു.