ഭൂമിയുടെ അടിസ്ഥാന വില പോലും തീരുമാനിച്ചിട്ടില്ല; കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ വൈകും
നിലവിലെ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ വ്യോമയാനമന്ത്രാലയം കൂടുതൽ സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ വൈകും. ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ വ്യോമയാനമന്ത്രാലയം കൂടുതൽ സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ഒരുമാസത്തിനകം കരിപ്പൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ നടന്ന് വരുന്നതേയുള്ളൂ.അടിസ്ഥാന വില തിരുമാനിച്ച് സംസ്ഥാന സർക്കാറിലേക്ക് അയച്ച് അംഗീകാരം വാങ്ങുമ്പോൾ തന്നെ ഈ മാസം കഴിയും.
പിന്നീട് സർവെ നടത്തി ഒരോ കുടുംബത്തിന്റെയും ഭൂമി പ്രത്യേകമായി തിരിക്കണം. മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ വില തീരുമാനിക്കാൻ ഭൂ ഉടമകളുമായി പല തവണ ചർച്ച നടത്തേണ്ടിവരും. തുടർന്നാണ് ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുക. അതിന് ശേഷംമാത്രമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ. പ്രതിഷേധങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും മാസങ്ങൾ നീണ്ട പ്രവർത്തനത്തിലൂടെ മാത്രമെ ഭൂമി ഏറ്റെടുക്കാൻ കഴിയും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപെട്ട സാമൂഹ്യ ആഘാത പഠനംമാത്രമാണ് നിലവിൽ നടന്നിട്ടുള്ളത്.