ഇടുക്കി പൂച്ചപ്രയിൽ ഉരുൾപ്പൊട്ടി; രണ്ടിടത്ത് മണ്ണിടിച്ചിൽ; ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം

മഴക്കെടുതിയെ തുടർന്ന് വെള്ളിയാമറ്റം വില്ലേജിൽ ക്രൈസ്റ്റ് കിങ് സ്കൂളിൽ ക്യാംപ് തുറന്നു.

Update: 2024-05-31 18:14 GMT
Advertising

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടൽ. പൂച്ചപ്രയിലാണ് ഉരുൾപ്പൊട്ടിയത്. നാശനഷ്ടങ്ങൾ ഇല്ല. മഴക്കെടുതിയെ തുടർന്ന് വെള്ളിയാമറ്റം വില്ലേജിൽ ക്രൈസ്റ്റ് കിങ് സ്കൂളിൽ ക്യാംപ് തുറന്നു. ഇവിടെ രണ്ട് കുടുംബത്തെ മാറ്റി പാർപ്പിച്ചു.

തൊടുപുഴയിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിയിൽ കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ കരിപ്പിലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടതായി വിവരം. മഴ കനത്തതോടെ മണപ്പാടി ചപ്പാത്ത് കവിഞ്ഞൊഴുകി. 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ജില്ലാ കലക്ടർ രാത്രി യാത്ര നിരോധിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മലങ്കര ഡാമിലെ നാല് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടേയും സ്വാധീന ഫലമായി സംസ്ഥാനത്ത് വരും‌ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയിൽ നാല് പേർ മരിച്ചു. മലപ്പുറം ചേലേമ്പ്രയിൽ 11കാരൻ പുഴയിൽ മുങ്ങിമരിച്ചു. പാറയിൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫാദിലാണ് പുല്ലിപ്പുഴയിൽ മരിച്ചത്.

കൊല്ലം പത്തനാപുരത്ത് ആറ്റിൽ വീണ് കമുകുംചേരി സ്വദേശി വൽസലയാണ് മരിച്ചത്. കാസർകോട് ചെറുവത്തുരിൽ കാറ്റിലും മഴയിലും തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മാച്ചിക്കാട് ജനാർദനൻ്റെ ഭാര്യ പയനി ശകുന്തളയാണ് മരിച്ചത്. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കാണാതായ പുരുഷോത്തമന്റെ മൃതദേഹം എ.സി കനാലിൽ നിന്നും കണ്ടെത്തി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News