'ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?'; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ
ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'ദ ഹിന്ദു' അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഇക്കാര്യത്തില്‍ ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങൾ ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണൻ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങൾ മുന്നണിയിൽനിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എൽഡിഎഫ് കൺവീനർ അറിയിച്ചു.
മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളിൽ നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണൻ ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോർട്ട് ആയി സർക്കാരിന് മുൻപിൽ വരട്ടെ. അതിൽ സർക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നിൽ ഇതുവരെ വന്നിട്ടില്ല. വരുമ്പോൾ അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി മുരളീധരനെ രാമകൃഷ്ണൻ വിമർശിച്ചു. കേന്ദ്രം മന്ത്രി ആയിരുന്ന സമയത്ത് ഒരു വാക്കുപോലും അദ്ദേഹം കേരളത്തിന് അനുകൂലമായി നടത്തിയിട്ടില്ല. വി മുരളീധരനും ബിജെപി നേതൃത്വവും സംസ്ഥാനത്തിന് അർഹിക്കുന്ന സഹായം നൽകണം. ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പിൽ വയനാട്ടിലെ ജനങ്ങളെ ശിക്ഷിക്കേണ്ട കാര്യമില്ലെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Summary: LDF convener TP Ramakrishnan on CM's The Hindu interview controversy