'വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാതെ എൽഡിഎഫ് ഒളിച്ചുകളിക്കുന്നു'; ഇ.ടി മുഹമ്മദ് ബഷീർ
'നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം'
ഡല്‍ഹി: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാത്തതിനെതിരെ ഇ.ടി മുഹമ്മദ് ബഷീർ എംപി. 'കേസ് എടുത്ത് നടപടി സ്വീകരിച്ചാലെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കൂ.വിഷയത്തിൽ ഭരണപക്ഷത്തെ നേതാക്കൾ ഒളിച്ചു കളിക്കുകയാണ്.വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കാൻ വകുപ്പില്ല എന്നാണ് പറയുന്നത്.വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയില്‍ ശ്രീനാരായണഗുരുവിൻ്റെ ആത്മാവ് പൊറുക്കില്ല'.
നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. മുനമ്പം ഭൂമി വിഷയത്തിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനാണ് ബിജെപി ശ്രമം. വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ബിജെപി ആത്മാർഥമായി ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.
എടക്കര പൊലീസിനാണ് കേസെടുക്കാൻ ആകില്ലെന്ന് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശൻ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു
.