പുതുപ്പള്ളിയിൽ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടന്ന് എൽ.ഡി.എഫ് നേതൃയോഗം
വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചു മണിക്ക് അയർക്കുന്നത്തും എൽ ഡി എഫ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും
കോട്ടയം: പുതുപ്പള്ളിയിൽ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടന്ന് എൽ.ഡി.എഫ് നേതൃയോഗം. വികസനം മുഖ്യവിഷയമാക്കി പ്രചാരണം തുടരാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സ്ഥാനാർഥികളുടെ പര്യടനം വിവിധ ഭാഗങ്ങളിലായി തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തും.
സർക്കാരിനെയും മുഖ്യമന്ത്രിയുടെ മകളെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ അവഗണിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് കോട്ടയത്ത് ചേർന്ന എൽ.ഡി.എഫ് നേതൃയോഗത്തിലാണ് തീരുമാനം. ഉമ്മൻചാണ്ടി അനുകൂല വികാരം മണ്ഡലത്തിൽ ഉണ്ടെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് തിരിച്ചടിയാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചു മണിക്ക് അയർക്കുന്നത്തും എൽ ഡി എഫ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
അയർക്കുന്നം പഞ്ചായത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ഇന്നത്തെ വാഹന പര്യടനം. രാവിലെ എൻ.കെ പ്രേമചന്ദ്രൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് പി തോമസ് ഇന്ന് വെള്ളൂർ, കൊത്തല എന്നിവിടങ്ങളിൽ പര്യടനം നടത്തി. എൻ.ഡി. എ സ്ഥാനാർഥി ലിജിൻ ലാലിന്റെ വാഹന പര്യടനവും മണ്ഡലത്തിൽ തുടരുകയാണ്.