സംഘ്പരിവാറുമായി ആര്‍ക്കു കൂട്ട്? ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ചൂടുപിടിപ്പിച്ച് പുതിയ രാഷ്ട്രീയപ്പോര്

സംഘ്പരിവാർ ബന്ധ, ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം സമകാലിക രാഷ്ട്രീയ വിഷയങ്ങളും ഉപതെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി വരും

Update: 2024-10-19 03:36 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ചർച്ചകൾ കൊഴുപ്പിച്ച് സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയമുയർത്തി എൽഡിഎഫും യുഡിഎഫും. സംഘ്പരിവാർ ബന്ധം പരസ്പരം ആരോപിക്കുകയാണ് ഇരുമുന്നണികളിലെയും പ്രധാന നേതാക്കൾ. സംഘ്പരിവാർ ബന്ധത്തിനപ്പുറം, സമകാലിക രാഷ്ട്രീയ വിഷയങ്ങളും തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ച ആകുന്നതോടെ വീറും വാശിയുമുള്ള പോരാട്ടമായിരിക്കും സംസ്ഥാനം കാണാൻ പോകുന്നത്.

തെരഞ്ഞെടുപ്പുകൾ നടക്കുന്ന മണ്ഡലങ്ങളിലെ പ്രാദേശിക വിഷയങ്ങൾ ഉയർത്തി പ്രചാരണം അഴിച്ചു വിടുക. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയം ചർച്ച ചെയ്യുന്ന വിഷയങ്ങളും സജീവ ചർച്ചയാക്കുക. കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പൊതുചിത്രം ഇതാണ്. വോട്ടർമാരെ കൈയിലെടുക്കാൻ വേണ്ടി സകല അടവുകളും പാർട്ടികൾ പയറ്റുന്ന കാലം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ തുടക്കത്തിലും കേരളത്തിൽ അതാണ് കാണാൻ കഴിയുന്നത്.

ബിജെപി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പായി രണ്ടാംസ്ഥാനത്ത് വരുന്ന മണ്ഡലം ആയതുകൊണ്ട് ഇത്തവണ പാലക്കാടാണ് ശ്രദ്ധാകേന്ദ്രം. പാലക്കാട്ടെ മതനിരപേക്ഷ വോട്ടുകൾ കൈക്കലാക്കാൻ, ബിജെപി വിരുദ്ധ രാഷ്ട്രീയം പറയണമെന്ന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് അറിയാം. അതിന്‍റെ തുടക്കമായിരുന്നു ഇന്നലെ മീഡിയവണിനു നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് സിപിഎമ്മിന് മറുപടിയുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് അവസരമൊരുക്കിയത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ആരോപിക്കുന്നു. 

സംഘ്പരിവാർ ബന്ധ, ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം സമകാലിക രാഷ്ട്രീയ വിഷയങ്ങളും ഉപതെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി വരും. ചുരുക്കത്തിൽ മുന്നണികളെ ഇഴകീറി സമ്മതിദായകർ പരിശോധിക്കുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്.

Summary: LDF and UDF intensifies the political debates in the by-elections of the state raising anti-Sangh Parivar politics.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News