'രാഹുൽ ഗാന്ധി മത്സരിക്കണം'; കെപിസിസി പ്രമേയം പാസാക്കണമെന്ന് ആവശ്യം
മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തെ കേരളത്തിൽ നിന്നുള്ള നേതാക്കൾ പരസ്യമായി എതിർത്തിരിക്കുകയാണ്
രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ. ഇതിനായി ഉടൻ യോഗം വിളിക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് വക്താക്കൾ ആവശ്യപ്പെട്ടു. ശശി തരൂരിനെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കമായിട്ടാണ് ആവശ്യത്തെ കാണുന്നത്. അദ്ദേഹം മത്സരിച്ചാൽ കേരളത്തിൽ നിന്നുള്ള വോട്ടുകൾ വിഭജിച്ച് പോകുന്നത് വിവിധ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ പ്രമേയം പാസ്സാക്കണമെന്നാണ് നേതാക്കൾ പറയുന്നത്.
മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തെ കേരളത്തിൽ നിന്നുള്ള നേതാക്കൾ പരസ്യമായി എതിർത്തിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ മുരളീധരൻ എം.പി പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതൽ വ്യക്തമാക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് അറിയിച്ചു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയിൽ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കിൽ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു.
അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കേരളത്തിൽ നിന്നുള്ള നേതാവ് മത്സരിച്ചാൽ സാഹചര്യം വിലയിരുത്തി പിന്തുണ നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആശയക്കുഴപ്പം. ഇതുവരെ നെഹ്‌റു കുടുംബ പക്ഷത്തിന്റെ സ്ഥാനാർഥിയാകുമെന്ന് കണക്കാക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. താൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിയാൽ സച്ചിൻ പൈലറ്റിന് സ്ഥാനം നൽകരുതെന്നാണ് ഗെഹ്‌ലോട്ട് പറയുന്നത്. രജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് മുതലേയുള്ളതാണ് ഇരുവരും തമ്മിലുള്ള തർക്കം.
കോൺഗ്രസ് അധ്യക്ഷനായി താൻ പോകുമ്പോൾ സച്ചിന് സ്ഥാനം കിട്ടുന്നത് തടയുക കൂടിയാണ് ഗെഹ്‌ലോട്ടിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. രാഹുൽ ഗാന്ധിയും അശോക് ഗെഹ്‌ലോട്ടും സ്ഥാനാർഥിത്വത്തിൽ നിന്ന് മാറിയാൽ മുകുൾ വാസ്നിക്കിനെ പരിഗണിക്കാൻ എഐസിസി ആലോചിക്കുന്നത്. നെഹ്‌റു കുടുംബ പക്ഷത്തിന്റെ സ്ഥാനാർത്ഥി വൈകുന്നത് ജി 23യിലും തീരുമാനം വൈകാനിടയാക്കുകയാണ്. രാഹുൽ ഗാന്ധി മത്സരിച്ചാൽ ജി 23ക്കായി മനീഷ് തിവാരി മത്സരിക്കണമെന്നും മറ്റൊരു സ്ഥാനർഥിയാണെങ്കിൽ ശശി തരൂർ സ്ഥാനാർഥിയാകണമെന്നുമാണ് അവർക്കിടയിലെ ധാരണ.
leaders demanded that the KPCC resolution be passed demanding that Rahul Gandhi contest