കാലുകൾ ബന്ധിച്ചു, കണ്ണുംകെട്ടി; 'മിഷൻ അരിക്കൊമ്പൻ' വിജയത്തിലേക്ക്

ആനയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം

Update: 2023-04-29 10:25 GMT
Editor : afsal137 | By : Web Desk
Advertising

ഇടുക്കിയെ വിറപ്പിച്ച കാട്ടുകൊമ്പൻ അരിക്കൊമ്പന്റെ കാലുകളിൽ വടംകെട്ടി. ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടിയിട്ടുണ്ട്. നേരത്തെ വടംകെട്ടാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. കോന്നി സുരേന്ദ്രൻ ഉൾപ്പെടെയുള്ള നാല് കുംകിയാനകളാണ് അരിക്കൊമ്പനെ വളഞ്ഞത്.

അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ജെ.സി.ബി ഉപയോഗിച്ച് ആനയ്ക്ക് വാഹനത്തിലേക്ക് കയറാനുള്ള വഴിയൊരുക്കിയിരുന്നു. വടംകെട്ടാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയുണ്ടായി. ആനയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പനെ മയക്കുവെടിവെച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. അഞ്ചു തവണ വടം കെട്ടാൻ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ നിസ്സഹകരണം തുടർന്നതോടെ ഉദ്യോഗസ്ഥർ വലഞ്ഞു.

മയക്കുവെടിയേറ്റ അരിക്കൊമ്പൻ പൂർണമായും മയങ്ങിയിരുന്നില്ല. ആനയെ ഉൾവന മേഖലയിൽ എത്തിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലയിൽ അരിക്കൊമ്പനെ തുറന്നുവിടില്ല. എവിടെ എത്തിച്ചാലും ഉദ്യോഗസ്ഥർ ആനയെ തുടർന്നും നിരീക്ഷിക്കും. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും വനംമന്ത്രി പറഞ്ഞു.

സിമന്റ് പാലത്തിന് സമീപമാണ് കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ചത്. ഡോ: അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ വീണ്ടും വെടിവെക്കാനാണ് സംഘത്തിൻറെ തീരുമാനം. മണിക്കൂറുകളായി ആന ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സിങ്കുകണ്ടത്തിന് സമീപം സൂര്യനെല്ലി ഭാഗത്തേക്ക് കയറിപ്പോയ ആനയെ പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. ദൗത്യം വിജയകരമെന്ന് പ്രതികരിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ദൗത്യസംഘത്തെ അഭിനന്ദിച്ചു.

2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. 2017 ൽ അരിക്കൊമ്പനെ മൂന്നുതവണയായി അഞ്ചു പ്രാവശ്യം മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News