മറ്റു ട്രയിനുകളെപ്പോലെ വന്ദേഭാരതും ഷൊര്‍ണൂരില്‍ ഇഴഞ്ഞുതന്നെ...
പൈങ്കുളം മുതൽ കാരക്കാട് വരെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ മാത്രമെ ട്രയിൻ ഓടിക്കാൻ കഴിയൂ
പാലക്കാട്: യാത്ര സമയം ലാഭകരമാക്കുക എന്നതാണ് വന്ദേ ഭാരത് ട്രയിനിന്‍റെ സവിശേഷത. എന്നാൽ മറ്റ് ട്രെയിനുകൾ പോലെ ഷൊർണൂര്‍ ഭാഗത്ത് വന്ദേഭാരത് ഇഴഞ്ഞ് നീങ്ങുകയാണ് ചെയ്യുന്നത്. പൈങ്കുളം മുതൽ കാരക്കാട് വരെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ മാത്രമെ ട്രയിൻ ഓടിക്കാൻ കഴിയൂ. പാത നവീകരണത്തിനായി 381 കോടി വകയിരുത്തിയിട്ടുണ്ട്.
കേരളത്തിൽ ട്രയിൻ യാത്രക്ക് കൂടുതൽ സമയം എടുക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. വന്ദേ ഭാരത് വന്നതോടെ യാത്ര സമയം ലാഭകരമാക്കാമെന്നതാണ് സവിശേഷതയായി പറയുന്നത്. എന്നാൽ വന്ദേഭാരത് ഉൾപ്പെടെ മുഴുവൻ ട്രയിനുകളും ഷൊർണൂരിലെത്തുമ്പോൾ വേഗത കുറയും. പൈങ്കുളം മുതൽ കാരക്കാട് വരെ 10 കിലോമീറ്റർ ദൂരത്തിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ മാത്രമെ ട്രയിൻ ഓടിക്കാൻ കഴിയൂ. ഓട്ടമാറ്റിക് സിഗ്നലിങ് പദ്ധതി വൈകുന്നതും സിംഗിൾ ലൈനും സമയനഷ്ടം ഉണ്ടാക്കുന്നു. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ സ്പീഡ് വർധിപ്പിക്കാനായി 381 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിർവഹിച്ചു. ഇത് വരുന്നത് വരെ കുറഞ്ഞ വേഗതയിൽ മാത്രമെ ട്രയിൻ ഓടിക്കാൻ കഴിയൂ.
പാലക്കാട് , സേലം , തിരുവനന്തപുരം ഡിവിഷനുകൾ ഒന്നിച്ച് ഓട്ടമാറ്റിക് സിഗ്നലിങ് പദ്ധതി നടപ്പിലാക്കനാണ് തീരുമാനിച്ചത്. പദ്ധതി നടപ്പിലാക്കാനുള്ള നോഡൽ ഡിവിഷനായി സേലത്തെ ചുമതലപ്പെടുത്തിയിരുന്നു. മൂന്ന് ഡിവിഷൻ റെയിൽവെ മാനേജർമാരും ചേർന്ന് എസ്റ്റിമേറ്റ് തയ്യറാക്കാനും തീരുമാനിച്ചു. എന്നാൽ പദ്ധതി അനന്തമായി വൈകുകയാണ്. പാലക്കാട് , തൃശൂർ ഭാഗങ്ങളിൽ നിന്നും ഷൊർണ്ണൂരിലേക്ക് പ്രവേശിക്കുമ്പോൾ ഒറ്റ പാതയായി തുടരുന്നതും ട്രയിനുകളുടെ വേഗത വർധിപ്പിക്കാൻ തടസമാകുന്നു.റെയിൽവേ പാത നവീകരിക്കുകയും ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനം നിലവിൽ വരുകയും ചെയ്താൽ മാത്രമെ ട്രയിനുകളുടെ വേഗത വർധിക്കാൻ കഴിയൂ.