ജെഡിഎസ് ലയനം വേണ്ടെന്ന് എൽജെഡി നേതൃയോഗത്തിൽ ധാരണ
ലയനം സംബന്ധിച്ച തുടർചർച്ചകൾ നടത്താൻ ശ്രേയാംസ് കുമാറിനെ എൽജെഡി നേതൃത്വം ചുമതലപ്പെടുത്തി.
കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡി നേതൃയോഗത്തിൽ ധാരണ. ഇരു പാർട്ടികളും തമ്മിൽ ലയിക്കാൻ ജൂണിൽ പ്രാഥമിക ധാരണയിലെത്തിയിരുന്നു. ഇത് പ്രകാരം ഭാരവാഹിസ്ഥാനങ്ങൾ തുല്യമായി പങ്കുവെക്കാനായിരുന്നു ധാരണ. എന്നാൽ ഇത് ജെഡിഎസ് അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നാണ് എൽജെഡി ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം.
ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. നിതീഷ് കുമാറിന്റെ ജെഡിയുവിന് ഒപ്പമായിരുന്നു എൽജെഡി നേരത്തെ നിന്നിരുന്നത്. നിതീഷ് കുമാർ ബിജെപി സഖ്യത്തിനൊപ്പം ചേർന്നതോടെയാണ് എൽജെഡി ജെഡിയു ബന്ധം അവസാനിപ്പിച്ചത്. നിതീഷ് കുമാർ ബിജെപി ബന്ധം അവസാനിപ്പിച്ച് മതേതര ചേരിക്കൊപ്പം ചേർന്ന സാഹചര്യത്തിൽ ജെഡിയു ബന്ധം പുനഃസ്ഥാപിക്കാൻ ശ്രേയാംസ് കുമാർ നീക്കം തുടങ്ങിയിട്ടുണ്ട്.
അതേസമയം ജെഡിഎസ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ ആണ് പിന്തുണച്ചിരുന്നത്. ഇതും ജെഡിഎസുമായി ലയനം വേണ്ടെന്ന തീരുമാനത്തിന് കാരണമായിട്ടുണ്ട്. ഈ വിഷയത്തിൽ തുടർ ചർച്ചകൾ നടത്താൻ ശ്രേയാംസ് കുമാറിനെ എൽജെഡി നേതൃത്വം ചുമതലപ്പെടുത്തി.