'ബുദ്ധിമുട്ടിക്കണമെന്ന് കിറ്റക്‌സ് നിർദേശമുള്ളത് പോലെ'.. കിഴക്കമ്പലത്തെ നാട്ടുകാർ പറയുന്നു

ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികൾ മുമ്പും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ

Update: 2021-12-26 05:54 GMT
Advertising

എറണാകുളം കിഴക്കമ്പലത്ത് ഇന്നലെ നടന്നത് നാളുകളായി നാട്ടുകാർ അനുഭവിക്കുന്നതിന്റെ തുടർച്ച. നാട്ടുകാരെ ബുദ്ധിമുട്ടിക്കണമെന്ന് നിർദേശമുള്ളത് പോലെയാണ് ഇതുവരെ കിറ്റക്‌സിലെ തൊഴിലാളികൾ പെരുമാറാറുള്ളതെന്ന് അവർ പറയുന്നു. കമ്പനിയുടെ ഗുണ്ടകൾ കണക്കെ ഇടപെടുന്ന ഇവർ പ്രദേശത്തെ റോഡ് കയ്യേറി യാത്രചെയ്യാൻ അനുവദിക്കാത്ത മട്ടിലിരിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇവർ മദ്യപിച്ച് റോഡിലിരിക്കുന്നത് മൂലം കുടുംബസമേതം യാത്ര ചെയ്യാനാകാത്ത അവസ്ഥയുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികൾ മുമ്പും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം, കമ്പനിയിലെ തൊഴിലാളികൾക്ക് ആവശ്യത്തിന് അവധികളിലെന്നും മറ്റു സൗകര്യങ്ങളില്ലെന്നുമുള്ള വിമർശനമുണ്ട്.

Full View

ഇന്നലെ രാത്രി 12 മണിയോടെ ക്രിസ്മസ് കരോൾ നടത്തിയത് സംബന്ധിച്ച തർക്കം തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മദ്യപിച്ചവരടക്കമുള്ള തൊഴിലാളികളുടെ തർക്കം സംഘർഷത്തിലേക്കെത്തിയപ്പോൾ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസെത്തി. എന്നാൽ അഞ്ചുപേർ മാത്രമടങ്ങിയ പൊലീസ് സംഘത്തിന് ഇവരെ നിയന്ത്രിക്കാനായില്ല. കല്ലും വടിയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട ഇവർ പൊലീസുകാരെ മർദ്ദിക്കുകയും ഒാടിക്കുകയും ചെയ്തു. പൊലീസ് വാഹനം അടിച്ചുതകർത്ത് തീയിട്ടു. പിന്നീട് വന്ന പൊലീസ് സംഘത്തെയും ഓടിച്ചു. ഒടുവിൽ കൂടുതൽ പൊലീസെത്തി പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് ആലുവ റൂറൽ എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തൊഴിലാളികളുടെ ക്യാമ്പിനുള്ളിൽ കയറി റെയിഡ് നടത്തി 150 പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പുലർച്ചെ നാലു മണിയോടെയാണ് ഇവരെ പിടികൂടിയത്. എന്നാൽ സംഭവസമയത്ത് ഉറങ്ങിക്കിടന്ന ചിലരെ പോലും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പറയുന്നു.

Full View

കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവർ മൊഴിനൽകാൻ സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. സംഘർഷ സ്ഥലത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുകയാണ്. രണ്ടു പൊലീസ് വാഹനങ്ങൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ജീപ്പ് പൂർണമായും കത്തിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർക്കു നേരെയും കല്ലേറുണ്ടായിരുന്നു.

Full View

അതേസമയം, സംഭവം ക്രമസമാധാനത്തിന്റെ തകർച്ചയാണെന്ന് ബെന്നി ബഹന്നാൻ എംപി കുറ്റപ്പെടുത്തി. അക്രമത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികൾക്ക് മാത്രമല്ലെന്നും മാനേജ്‌മെൻറിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News