വാഹനാപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്ത് നാട്ടുകാർ; മൃതദേഹങ്ങള്‍ വളാഞ്ചേരിയിൽ ഖബറടക്കി
അസം നാഗോന്‍ സ്വദേശികളായ അമിന്‍, അമിറുല്‍ ഇസ്‍ലാം എന്നിവർ ബൈക്കപകടത്തിലാണ് മരിച്ചത്
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്ത് മലപ്പുറം വാളാഞ്ചേരിയിലെ നാട്ടുകാർ. വളാഞ്ചേരി കൊളമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിലാണ് അസാം സ്വദേശികളായ രണ്ട് പേർ മരിച്ചത്. വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദിലാണ് മൃതദേഹം ഖബറടക്കിയത്.
ബൈക്ക് സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. അസാമിലെ നാഗോന്‍ സ്വദേശികളായ അമിന്‍, അമിറുല്‍ ഇസ്‍ലാം എന്നിവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല .
പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട്നൽകിയ മൃതദേഹം വളാഞ്ചേരിയിൽ തന്നെ ഖബറടക്കാനുള്ള സൗകര്യം പിന്നീട് നാട്ടുകാർ ഒരുക്കി. വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. വേങ്ങരയിലെ വാടക ക്വാർട്ടേഴ്സിലാണ് അസാം സ്വദേശികൾ താമസിച്ചിരുന്നത്. ജോലി ആവശ്യത്തിനായി പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം.