ആവിക്കല്‍തോട് സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല: എം.വി ഗോവിന്ദന്‍
'വര്‍ഗീയവാദികള്‍ സമരത്തെ സ്വാധീനിച്ചു എന്നാണ് പറഞ്ഞത്'
കോഴിക്കോട് ആവിക്കല്‍തോട് സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വര്‍ഗീയവാദികള്‍ സമരത്തെ സ്വാധീനിച്ചു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ആവിക്കല്‍തോട് സമര സമിതി എം.വി ഗോവിന്ദന്റെ കോലംകത്തിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടിയായ ശേഷം ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തിലാണ് ആവിക്കല്‍തോട് സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ എം.വി ഗോവിന്ദന്‍ വിശദീകരണം നല്‍കിയത്- "തീവ്രവാദ വിഭാഗങ്ങള്‍ക്ക് അവിടെ പങ്കുണ്ട്. എന്നാല്‍ അവിടെ സമരത്തില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. തീവ്രവാദികളുണ്ടെങ്കില്‍ തീവ്രവാദികളുണ്ടെന്ന് പറയും. വര്‍ഗീയവാദികളായ ചില ആളുകള്‍ സങ്കുചിതമായ വികാരത്തെ ഉപയോഗിച്ച് പ്ലാന്‍റിനെതിരെ ആളുകളെ അണിനിരത്താന്‍ ശ്രമിക്കുന്നുണ്ട്. താത്കാലികമായി ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമാണിത്".
വിഴിഞ്ഞത്ത് തീവ്രവാദികൾ ഇടപെട്ടാൽ അവിടെയും എതിർക്കുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആവിക്കല്‍തോട് സമര സമിതി എം.വി ഗോവിന്ദന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മുസ്‍ലിംകള്‍ പങ്കെടുക്കുന്ന സമരങ്ങളെയെല്ലാം തീവ്രവാദ മുദ്രകുത്തുകയാണെന്ന് ആവിക്കല്‍തോട് സമര സമിതി പ്രതികരിച്ചു.