'മനോനിലയില്‍ എന്തോ തകരാറുണ്ട്': ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരെ എം വി ജയരാജന്‍
'ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന്‍റേത്'
കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സി.പി.എം തള്ളിപ്പറഞ്ഞിട്ടും പുകഴ്ത്തുന്നുണ്ടെങ്കില്‍ ഇവരുടെ മനോനിലയ്ക്ക് എന്തോ തകരാറുണ്ടെന്ന് എം വി ജയരാജന്‍ പറഞ്ഞു.
അര്‍ജുന്‍ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയെയുമെല്ലാം ഫേസ് ബുക്ക് പ്രൊഫൈലുകൾ നോക്കിയാല്‍ പി ജയരാജനാണല്ലോ ഇവരുടെ ആരാധനാപാത്രമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എം.വി ജയരാജന്‍റെ പ്രതികരണമിങ്ങനെ- "ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന്‍റേത്. എന്നിട്ടും ഇവരൊക്കെ പി ജയരാജനെ പുകഴ്ത്തുന്നുണ്ടെങ്കിൽ ഇവരുടെ മനോനിലയാണ് പരിശോധിക്കേണ്ടത്. ഇവർക്കെന്തോ അപകടം പറ്റിയിട്ടുണ്ട്. രാഷ്ട്രീയമായി ഞങ്ങള്‍ തള്ളിപ്പറയുന്നു. എന്നിട്ടും അവര്‍ ഞങ്ങളെ തന്നെ വാഴ്ത്തുന്നു. അപ്പൊ മനോനിലയ്ക്ക് എന്തോ തകരാറുണ്ടെന്നേ കാണാൻ കഴിയൂ".
സി.പി.എം ആരെയും ക്വട്ടേഷന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു- "സി.പി.എമ്മിനെ അറിയുന്നവര്‍ ഒരിക്കലും ഈ ആക്ഷേപം ഉന്നയിക്കില്ല. ഞങ്ങളാണല്ലോ ക്വട്ടേഷനെ തള്ളിപ്പറഞ്ഞത്. ഞങ്ങളാണല്ലോ അസാധാരണമായി ക്വട്ടേഷൻ സംഘത്തിന്‍റെ പേര് പുറത്തുവിട്ടത്. അതില്‍ രാഷ്ട്രീയമില്ല. അതിൽ എല്ലാ രാഷ്ട്രീയത്തിലും പെട്ടവർ ഒന്നിച്ചിരിക്കുകയാണ്"- എന്നായിരുന്നു എം വി ജയരാജന്‍റെ മറുപടി.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളാണ് അർജുൻ ആയങ്കി. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇരുവര്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ പ്രസിഡന്‍റുമായ മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീർത്തികരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റിട്ടെന്നാണ് പരാതി. ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഈ വിരോധത്തിൽ സംഘടനക്കും നേതാക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ സംഘാംഗങ്ങൾ നിരന്തരമായി അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്നു. അന്വേഷണം നടത്തി ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ജില്ലാ സെക്രട്ടറി എം. ഷാജർ കണ്ണൂർ എ.സി.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യക്കെതിരാണ് സി.പി.എമ്മെന്നും എം വി ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിനെ പുകഴ്ത്തിക്കൊണ്ട് വ്യക്തിഹത്യ നടത്തിയാലും മറ്റുള്ളവരെ സി.പി.എംകാരായ ആരെങ്കിലും വ്യക്തിഹത്യ നടത്തുന്നതായാലും ശരിയല്ല. വ്യക്തിഹത്യ നടത്തേണ്ട ഒന്നല്ല സൈബർ ഇടം. ആശയ പ്രചരണ രംഗമാണ് സൈബറിടമെന്നും എം വി ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയില്‍ വളരെ പ്രാപ്തിയോടുകൂടി പി ശശി പ്രവർത്തിക്കുമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. അദ്ദേഹം നേരത്തെ പൊതുമരാമത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ആ കഴിവും പ്രാപ്തിയും അദ്ദേഹം സത്യസന്ധമായി നിറവേറ്റും. അങ്ങനെ നിറവേറ്റുമ്പോൾ ആർക്കെങ്കിലും വിഷമം ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് അദ്ദേഹം ഉത്തരവാദിയല്ല. പാർട്ടിയും ഉത്തരവാദിയല്ലെന്ന് എം.വി ജയരാജന്‍ പറഞ്ഞു.