ഇ.പി ജയരാജനെതിരായ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് എം.എ ബേബി
മാധ്യമങ്ങൾ തന്നെ തെറ്റ് തിരുത്തും എന്ന് കരുതുന്നുവെന്നും എം.എ ബേബി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനാൽ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. ചില ആളുകൾ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അറിവുള്ളത്.
നിലവിലെ വിവാദങ്ങളിൽ കഴമ്പുള്ളതായി തോന്നുന്നില്ല. നിങ്ങളെല്ലാവരും ചേർന്നുണ്ടാക്കിയതല്ലേയെന്നും തനിക്കറിയില്ലെന്നും എം.എ ബേബി പറഞ്ഞു.
താൻ തമിഴ്‌നാട്ടിലായിരുന്നു. അവിടുത്തെ പരിപാടിയിൽ പങ്കെടുത്തശേഷം വന്നതാണ്. ചിലർ വിളിച്ചു പറഞ്ഞതനുസരിച്ച് സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ടു. ഈ സംസ്ഥാന കമ്മിറ്റിയിൽ താൻ പങ്കെടുത്തിട്ടില്ല.
അത്തരമൊരു ആരോപണത്തിന് ഒരു സാധ്യതയും കാണുന്നില്ലെന്നും മാധ്യമങ്ങൾ തന്നെ തെറ്റ് തിരുത്തും എന്ന് കരുതുന്നുവെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഉന്നയിച്ച വാർത്ത നിഷേധിക്കാതെ പി. ജയരാജൻ രംഗത്തെത്തിയിരുന്നു. സമൂഹത്തിലെ തെറ്റായ പ്രവണതകൾ പാർട്ടിക്കുള്ളിലും വരാം. തെറ്റായ പ്രവണതകൾക്കെതിരായ ഉൾപാർട്ടി സമരം നടക്കുമെന്നും പി. ജയരാജൻ പ്രതികരിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പിക്കെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ റിസോർട്ട് നിർമാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ആരോപണം ഉയർന്നത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം.