വ്രതത്തിലൂടെ ആർജിച്ചെടുത്ത ക്ഷമയും സംയമനവും നിലനിർത്താൻ ഈദ് ദിനത്തിൽ പ്രതിജ്ഞയെടുക്കുക: മഅ്ദനി
ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ട് പ്രയാസം അനുഭവിക്കുന്ന തനിക്ക് വേണ്ടിയും ലോകമെങ്ങുമുള്ള മുഴുവൻ മർദ്ദിതർക്കും അവകാശ പോരാളികൾക്കും വേണ്ടിയും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും പെരുന്നാൾ സന്ദേശത്തിൽ അബ്ദുന്നാസിർ മഅ്ദനി അഭ്യർത്ഥിച്ചു.
ബെംഗളൂരു: ഈദുൽ ഫിത്തർ ആഘോഷിക്കുന്ന മുഴുവൻ വിശ്വാസികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ച് പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. 30 ദിവസത്തെ കഠിന വ്രതത്തിലൂടെ ആർജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിർത്തുവാൻ ഈദ് സുദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കൊടുംവർഗീയ ദുശ്ശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങൾ ഹീനമായ ഭാഷയിൽ അവതരിപ്പിച്ച് കേരളീയ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്താൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയും രാജ്യത്തെ മിക്ക സംവിധാനങ്ങളും ഇക്കൂട്ടർക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയും ചെയ്യുമ്പോൾ വിശ്വാസിസമൂഹം വ്രതം നൽകിയ ഇച്ഛാശക്തി യിലൂടെ സംയമനവും ജാഗ്രതയും വർധിപ്പിക്കേണ്ടിയിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾകൊണ്ട് പ്രയാസം അനുഭവിക്കുന്ന തനിക്ക് വേണ്ടിയും ലോകമെങ്ങുമുള്ള മുഴുവൻ മർദ്ദിതർക്കും അവകാശ പോരാളികൾക്കും വേണ്ടിയും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും പെരുന്നാൾ സന്ദേശത്തിൽ അബ്ദുന്നാസിർ മഅ്ദനി അഭ്യർത്ഥിച്ചു.