പല്ലന, കുമരകം, തട്ടേക്കാട്, തേക്കടി...ഇപ്പോള്‍ താനൂരും; കേരളത്തെ കണ്ണീര്‍ത്തീരമാക്കിയ ദുരന്തങ്ങള്‍

1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടം മഹാകവി കുമാരനാശാൻ അടക്കം 24 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്

Update: 2023-05-08 04:04 GMT
Editor : Jaisy Thomas | By : Web Desk

തേക്കടി ബോട്ടപകടത്തിന്‍റെ ദൃശ്യം

Advertising

കോഴിക്കോട്: താനൂരിലുണ്ടായ ബോട്ടപകടത്തില്‍ 21 പേര്‍ മുങ്ങിമരിച്ചിരിക്കുന്നു. ഈ ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടാണ് കേരളം ഇന്നലത്തെ രാത്രി കഴിച്ചുകൂട്ടിയത്.മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്..രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. എത്ര പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുകയാണ്. പല്ലന, തട്ടേക്കാട്, തേക്കടി...കേരളത്തെ നടുക്കിയ ബോട്ടപകടങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ താനൂരും.

1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടം മഹാകവി കുമാരനാശാൻ അടക്കം 24 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. 95 പേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ 145 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഒപ്പം ഭാരിച്ച ചാക്കുകളും ബോട്ടിലുണ്ടായിരുന്നു. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ പല്ലനയിലെ അപകടം പിടിച്ച വളവ്‌ തിരിയാനുള്ള ഒരുക്കത്തിലായിരുന്നു. വന്നവേഗത്തില്‍തന്നെ ഇടത്തോട്ടു തിരിച്ച ബോട്ടിന്‍റെ ഇടതുവശം താഴുകയായിരുന്നു. പിന്നീട് ബോട്ട് മറിഞ്ഞു. അമിത ഭാരമായിരുന്നു അപകടത്തിന്‌ കാരണമായതെന്ന്‌ അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

കുമരകം ബോട്ടപകടം

2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ടപകടം നടന്നത്. 29 പേരാണ് അന്ന് മരിച്ചത്. മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന്‌ ഒരു കിലോമീറ്റർ ബാക്കി നിൽക്കെയായിരുന്നു അപകടം.പി.എസ്‌.സി. ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്‌ പരീക്ഷ എഴുതാൻ[2] കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും ബോട്ടിലുണ്ടായിരുന്നു.

തട്ടേക്കാട് ബോട്ടപകടം

എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ഉണ്ടായ ബോട്ടപകടത്തില്‍ 18 പേരാണ് മരിച്ചത്. അങ്കമാലി എളവൂർ സെന്‍റ് ആന്‍റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത് . ഈ സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തിൽ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങൾ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്‍റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം . എന്നാൽ സംഭവത്തിനു പിറ്റേന്ന് വാർത്താ സമ്മേളനം നടത്തിയ അന്നത്തെ ഡി.ജി.പി രമൺ ശ്രീവാസ്തവ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായിരുന്നു.

തേക്കടി ബോട്ടപകടം

2009 സെപ്റ്റംബർ 30നാണ് കേരളത്തെ നടുക്കിയ മറ്റൊരു ബോട്ട് ദുരന്തമുണ്ടായിരുന്നു. വൈകിട്ട് 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ്‌ മറിഞ്ഞത്. ആകെ സഞ്ചാരികളിൽ 46 പേർ ബോട്ടപകടത്തിൽ മരിച്ചു.

കേരളത്തിൽ നടന്ന മറ്റു പ്രധാന ബോട്ടപകടങ്ങൾ

  • 1971-ൽ തിരുവനന്തപുരത്ത് കരമനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ 12 യാത്രികരിൽ ഒരു പെൺകുട്ടി ഒഴികെ മറ്റ് 11 പേരും മരണമടഞ്ഞു.
  • 1980-ൽ എറണാകുളത്തെ കണ്ണമാലി കായലിൽ നടന്ന ബോട്ടപകടത്തിൽ 29 പേർ മരിച്ചു.
  • 1983-ൽ കൊച്ചിയിലെ വല്ലാർപാടത്ത് നടന്ന ബോട്ടു ദുരന്തത്തിൽ 18 പേർ മരിച്ചു.
  • 1990-ൽ കൊച്ചിയിൽ നടന്ന ബോട്ടപകടത്തിൽ അഞ്ചുപേർ മരിച്ചു.
  • 1990-ൽ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസർവയറിൽ നടന്ന ബോട്ടപകടത്തിൽ മരിച്ചത് ഏഴുപേർ.
  • 1991-ൽ കണ്ണൂരിലെ ഇരിട്ടിയിൽ നടന്ന അപകടം നാലുപേരുടെ മരണത്തിനിടയാക്കി.
  • 1991-ൽ ആലപ്പുഴ പുന്നമടയിൽ നടന്ന അപകടത്തിൽ മരണം മൂന്ന് പേർ മരിച്ചു.
  • 1991-ൽ തിരുവനന്തപുരത്ത് കല്ലാറിലുണ്ടായ അപകടത്തിൽ എട്ടു പേരാണ് മരിച്ചത്
  • 1992-ൽ എറണാകുളം മുനമ്പത്തുണ്ടായ അപകടത്തിൽ മൂന്നു മരണം
  • 1993-ൽ എറണാകുളത്തുണ്ടായ മറ്റൊരു അപകടത്തിൽ അഞ്ച് മരണം
  • 1994-ൽ കോഴിക്കോട് വെള്ളായിക്കോട് അപകടത്തിൽ ആറു പേര്‍ മരിച്ചു
  • 1997-ൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ നാലു പേര്‍ മരിച്ചു
  • 1997-ൽ ആലുവയിലുണ്ടായ അപകടത്തിൽ നാലും പേർ മരണമടഞ്ഞിട്ടുണ്ട്.
  • 2013 ജനുവരി 26-ന് ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് മുങ്ങി നാല് പേർ മരണമടഞ്ഞു. ചെന്നൈയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. യാത്ര ചെയ്യാൻ ഒരുക്കി നിർത്തിയിരുന്ന ഹൗസ് ബോട്ടിലേക്ക് മറ്റൊരു ചെറിയ ഹൗസ് ബോട്ടിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ അതു മറിയുകയാണുണ്ടായത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News