ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മലബാര്‍ ജില്ലകളോട് അവഗണനയെന്ന് റിപ്പോര്‍ട്ട്

മറ്റു ജില്ലകളെ അപേക്ഷിച്ച് മലബാറില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണ്

Update: 2022-08-12 02:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മലബാര്‍ ജില്ലകളോട് അവഗണനയെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോര്‍ട്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് മലബാറില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണ്. വേണ്ടത്ര സൌകര്യം ഒരുക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാറില്‍ 1,85521 വിദ്യാര്‍ഥികള്‍ക്ക് ഒരു കോളജ് എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കൊച്ചിയില്‍ ഇത് 1,35961 പേര്‍ക്ക് ഒരു കോളജ് എന്ന നിലക്കാണ്. തിരുവിതാംകൂര്‍ ജില്ലകളിലെ അനുപാതം 135619 പേര്‍ക്ക് ഒരു കോളേജ് എന്നും. വടക്കോട്ട് വരും തോറും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നത് പഠന സൗകര്യത്തിലെ പോരായ്മയെ കാണിക്കുന്നു. ഇതിന് പ്രധാന കാരണമായി കമ്മീഷന്‍ പറയുന്ന കാരണം ജനസംഖ്യക്ക് അനുസരിച്ച് കോളജുകള്‍ ഇല്ല എന്നതാണ്. കണക്കുകളിലേക്ക് വരികയാണെങ്കില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കാസര്‍കോട് ജില്ലയാണ്. കോളേജ് ഒന്നിന് 217100 വിദ്യാര്‍ഥികള്‍ എന്നതാണ് കാസര്‍കോട്ടെ കണക്ക്.

മലപ്പുറത്ത് ഇത് 195760 ഉം കണ്ണൂരില്‍ 194280 ഉം ആണ്. മധ്യ- തെക്കന്‍ ജില്ലകളാണ് വിദ്യാഭ്യാസ സൌകര്യത്തിന്‍റെ കാര്യത്തില്‍ മുന്നിലുള്ളത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം മികച്ച കണക്ക് കോട്ടയത്തിനാണ്. ജില്ലയില്‍ ഒരു കോളേജിന് 86060 കുട്ടികള്‍ എന്നാണ് കണക്ക്.പത്തനംതിട്ടയും എറണാകുളവും തൊട്ടുപിന്നിലുണ്ട്. ഈ സ്ഥിതി മുന്നോട്ടു പോയാല്‍ അത് മലബാറിലെ വിദ്യാര്‍ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് ഉന്നതവിദ്യാഭ്യാശ പരിഷ്കരണ കമ്മീഷന്‍റെ വിലയിരുത്തല്‍. പ്രശ്ന പരിഹാരമെന്നോണം അഞ്ച് വര്‍ഷത്തിനകം കാസര്‍കോട് മലപ്പുറം, കണ്ണൂര്‍ പാലക്കാട് ജില്ലകളില്‍ കൂടുതല്‍ കോളേജുകള്‍ അനുവദിച്ച് പഠനൗകര്യം മെച്ചപ്പെടുത്തണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. അതിനോടൊപ്പം കൂടുതല്‍ പേരെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News