ലഹരി ഉപയോഗിച്ച നടനിൽ നിന്നും മോശം പെരുമാറ്റം; വിൻസി പരാതി നൽകിയാൽ നടപടിയെന്ന് അമ്മ

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍

Update: 2025-04-17 01:41 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: ആരോപണവിധേയനായ നടനെതിരെ വിൻസി അലോഷ്യസ്  പരാതി നൽകിയാൽ നടപടിയെന്ന് താരസംഘടനയായ അമ്മ. വിൻസിയുടെ ആരോപണം അമ്മ അഡ്ഹോക്ക് സമിതി ചർച്ച ചെയ്തു.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിശദീകരണമെന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തല്‍.

''ലൊക്കേഷനില്‍വെച്ച് എന്‍റെ വസ്ത്രത്തിന്‍റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'' എന്നാണ് വിൻസി പറഞ്ഞത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News