മലയാളം സർവകലാശാല യൂണിയൻ; എസ്എഫ്‌ഐയുടെ എതിരില്ലാ ജയം ഹൈക്കോടതി റദ്ദാക്കി
എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്, രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം
കൊച്ചി:മലയാളം സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും സെനറ്റ് തെരഞ്ഞെടുപ്പിലും മുഴുവൻ സിറ്റിലും എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റാദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസിന്റെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവുണ്ട്.
തെരഞ്ഞെടുപ്പലേക്ക് എംഎസ്എഫ് നൽകിയ നോമിനേഷനുകൾ കാരണം പോലും വെളിപ്പെടുത്താതെ സർവകലാശാല തള്ളിയിരുന്നു. പിന്നീട് കാരണം വെളിപ്പെടുത്തണമെന്ന ആവശ്യമുണ്ടായിട്ടു പോലും വ്യക്തത നൽകാൻ സർവകലാശാല തയ്യാറായില്ല. പിന്നീട് കോടതി നിർദേശപ്രകാരം എംഎസ്എഫിന് വീണ്ടുമൊരു അവസരം നൽകിയെങ്കിലും ഈ തവണയും നോമിനേഷൻ തള്ളി. തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്.
സർവകലാശാലകളിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ അത് സുതാര്യമായി നടത്താനുള്ള ബാധ്യത വൈസ് ചാൻസലർക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്എയുടെ ജയം കോടതി റദ്ദാക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നിർദേശം.