ഒഡീഷയിൽ പൊലീസ് ക്രൂരമായി മർദിച്ച മലയാളി വൈദികർ പരാതി നൽകും
പാകിസ്താനികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും പൊലീസ് അതിക്രൂരമായി മർദിച്ചത്
ഡൽഹി:ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ക്രൂരമായി മർദിച്ചതിൽ പരാതി നൽകാൻ ഒരുങ്ങി വൈദികർ. അതിരൂപത നിർദേശം നൽകിയതിനെ തുടർന്നാണ് പരാതി നൽകുന്നതെന്ന് ഫാദർ ജോഷി ജോർജ് പറഞ്ഞു.
പാകിസ്താനികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും ഒഡീഷ പൊലീസ് അതിക്രൂരമായി മർദിച്ചത്. 15 ദിവസം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വൈകിയത് ഭയം കൊണ്ടാണെന്ന് വൈദികർ വ്യക്തമാക്കുന്നു. ഗ്രാമത്തിലെ കഞ്ചാവ് റെയ്ഡിനിടെ പള്ളിയിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു എന്നും ഫാദർ ജോഷി ജോർജ് പറയുന്നു.
അതേസമയം, ജബൽപൂരിൽ വിഎസ് പി പ്രവർത്തകർ വൈദികരെ ആക്രമിച്ച സംഭവത്തിലെ എഫ്ഐആറിലെ വകുപ്പുകളിൽ വ്യക്തതയില്ലാത്തതിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വൈദികർ. മത ന്യൂനപക്ഷങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ അക്രമം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച സിബിസിഐ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.