'റെയിൽവേ സ്റ്റേഷനിലേക്കെന്ന് പറഞ്ഞാണ് ഇറങ്ങിയത്, സഹായിച്ചത് റഷ്യയിലെ മലയാളികൾ; കൂലിപ്പട്ടാളത്തിലകപ്പെട്ട ജെയിൻ കുര്യൻ
മലയാളികളാണ് ടിക്കറ്റ് എടുത്ത് നൽകിയതെന്നും ജെയിൻ മീഡിയവണിനോട് പറഞ്ഞു
തൃശ്ശൂര്‍:റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും.ഡൽഹിലെത്തിയ ജെയിൻ പതിനൊന്നരയോടെ നെടുമ്പാശ്ശേരിയിൽ എത്തും.റഷ്യയിലെ മലയാളികളുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിക്കാനായതെന്ന് ജയിൻ മീഡിയവണിനോട് പറഞ്ഞു.
'പട്ടാള ക്യാമ്പിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ഉദ്യോഗസ്ഥർ ബുക്ക് ചെയ്തു നൽകി. റെയിൽവേ സ്റ്റേഷനിലേക്ക് പോകും എന്നു പറഞ്ഞാണ് ഡിസ്ചാർജ് ആയതിനുശേഷം ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്.അവിടെനിന്നും മലയാളികളെ സമീപിക്കുകയായിരുന്നു. അവരാണ് ടിക്കറ്റ് എടുത്ത് നൽകിയതെന്നും ജെയിൻ പറഞ്ഞു.
അതേസമയം, ജെയിന്‍ തിരികെ നാട്ടിലെത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ജെയിനിന്റെ കുടുംബം മീഡിയവണിനോട് പറഞ്ഞു.റഷ്യയിൽ മരിച്ച ബിനിലിന്റെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനിലിന്റെ ഭാര്യാമാതാവ് അൽഫോൻസ പറഞ്ഞു.