മമത വരുന്നു; കേരളത്തിലും ചുവടുറപ്പിക്കാൻ തൃണമൂൽ
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ ചുമതല മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് നൽകും
ന്യൂഡൽഹി: കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാന്‍ നീക്കവുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തനങ്ങൾക്കു തുടക്കമിടാനായി പാർട്ടി അധ്യക്ഷ മമത ബാനർജി സംസ്ഥാനത്തെത്തും. പി.വി അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾക്കായി ഈ മാസം അവസാനമാണ് മമത എത്തുന്നത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തനം തുടങ്ങും. മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് ചുമതല നൽകുമെന്നാണു വിവരം.
അതിനിടെ, മമതയുമായി പി.വി അൻവർ നാളെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്തെത്തിയായിരിക്കും കൂടിക്കാഴ്ച. ഇതിനുശേഷം മമതയ്‌ക്കൊപ്പം വാർത്താസമ്മേളനം നടത്താനും സാധ്യതയുണ്ട്.
നേരത്തെ, തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി അൻവറിനെ ഷാളണിയിച്ചു സ്വീകരിച്ചിരുന്നു. തൃണമൂൽ ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിയമപ്രശ്‌നങ്ങൾക്കു സാധ്യതയുള്ളതിനാൽ നിലവിൽ പാർട്ടി അംഗത്വം എടുക്കില്ല. തൃണമൂലിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അൻവർ അറിയിച്ചു.
Summary: Mamata Banerjee to arrive in Kerala to launch Trinamool Congress in the state