മാമുക്കോയയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്കാരം ഇന്ന്
മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് കോഴിക്കോട് ടൌണ്‍ഹാളിലെത്തിയത്.
കോഴിക്കോട്: മാമുക്കോയയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് കോഴിക്കോട് ടൌണ്‍ഹാളിലെത്തിയത്.
രാവിലെ 9.30 വരെ അരക്കിണറിലെ മാമുക്കോയയുടെ വസതിയിൽ വെയ്ക്കുന്ന മൃതദേഹം 9.30ഓടെ അരക്കിണർ മുജാഹിദ് പള്ളിയിലെത്തിച്ച് മയ്യിത്ത് നമസ്കാരം നടത്തും. തുടർന്ന് 10 മണിയോടെ കണ്ണംപറമ്പ് ജുമാ മസ്ജിദിൽ എത്തിക്കും.
ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലപ്പുറം വണ്ടൂരിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് മാമുക്കോയ. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങൾ. ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ചെറുചലനങ്ങളിലൂടെ ഒരൊറ്റ ഡയലോഗിലൂടെ ചിരിനിറക്കാനുള്ള കഴിവ്. സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി. ഏത് വേഷവും ആ കൈകളിൽ ഭദ്രം. അനായാസമായി സ്വാഭാവികമായി അഭിനയിച്ച് ജീവിച്ചു. റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയ, മഴവിൽ കാവടിയിലെ കുഞ്ഞിക്കാദർ, നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ.ജി പൊതുവാൾ അങ്ങനെയങ്ങനെ മലയാളി എന്നും ഓർക്കുന്ന കഥാപാത്രങ്ങൾ.
ഇന്നത്തെ ചിന്താവിഷയത്തിലൂടെ മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പെരുമഴക്കാലത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം. അങ്ങനെ നിരവധി പുരസ്കാരങ്ങളും ആ മികവിനെ തേടിയെത്തി. ഗൗരവമേറിയ വേഷങ്ങളും ഏറ്റവും മനോഹരമായി അവതരിപ്പിച്ചു. പെരുമഴക്കാലത്തിലെ അബ്ദുവും ബ്യാരിയിലെ കഥാപാത്രവുമെല്ലാം ഉദാഹരണം.
തലമുറ വ്യത്യാസമില്ലാതെ മാമുക്കോയയെ മലയാളി ആഘോഷിച്ചു. തഗ്ഗ് ഡയലോഗുകൾ ഏറ്റുപറഞ്ഞു. ചിരിച്ചു, അനുകരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ നിർണായക കണ്ണിയാണ് മാമുക്കോയയുടെ മടക്കത്തിൽ അറ്റുപോകുന്നത്.