'പങ്കെടുക്കുന്നത് രാജീവ് ഗാന്ധിയോടുള്ള ആദരവിനാല്‍'; കോൺഗ്രസ് വിലക്ക് ലംഘിച്ച് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ
'പരിപാടിയിൽ പങ്കെടുത്തതിന് എന്നെ പാർട്ടി പുറത്താക്കുകയോ നാടുകടത്തുകയോ ചെയ്യില്ലെന്ന് കരുതുന്നു.'
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിലെ തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അയ്യർ പങ്കെടുത്തു സംസാരിച്ചത്. കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശമുണ്ടെങ്കിലും രാജീവ് ഗാന്ധിയോടുള്ള ആദരവുകൊണ്ടാണു താൻ പങ്കെടുക്കുന്നതെന്ന് മണിശങ്കർ അയ്യർ പ്രസംഗത്തിൽ പറഞ്ഞു.
ഇങ്ങോട്ട് പുറപ്പെടുന്നതിനുതൊട്ടുമുൻപ് കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി എന്നോട് പറഞ്ഞിരുന്നു. ഞാൻ രാജീവ് ഗാന്ധിയോടുള്ള ആദരവുകൊണ്ടാണ് ഇവിടെ പങ്കെടുക്കുന്നത്. രാജീവ് ആണ് പഞ്ചായത്ത് രാജ് നിയമത്തിൽ വലിയ മാറ്റം കൊണ്ടുവന്നത്. ഇവിടെ പങ്കെടുത്തതിന് എന്നെ പാർട്ടി പുറത്താക്കുകയോ നാടുകടത്തുകയോ ചെയ്യില്ലെന്ന് കരുതുന്നുവെന്നും മണിശങ്കർ പ്രസംഗത്തിൽ വ്യക്തമാക്കി.
പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്ത് ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് കേരളത്തിലാണ്. അതിദാരിദ്ര്യം ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാൻ കേരളത്തിനായി. കോട്ടയം, എറണാകുളം ജില്ലകളിൽ അതിദാരിദ്രർ തീരേ ഇല്ല. ദരിദ്രനിർമാർജനത്തിൽ അധികാര വികേന്ദ്രീകരണത്തിന് പ്രധാന പങ്കുണ്ട്. ഗാന്ധിജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ കേരള ജനതയെ ഞാൻ അഭിനന്ദിക്കുന്നു. തുടർച്ചയായി മാറി വന്ന സർക്കാരുകൾ നടത്തിയ ഇടപെടലുകളാണ് ഇതിനു പിന്നിൽ. കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം ഒരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് ജനങ്ങളുടെ വിഷയമാണ്. പഞ്ചായത്ത് രാജ് സംവിധാനം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതാകണം കേരളീയത്തിന്റെ ഫലമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
Summary: Senior Congress leader Mani Shankar Aiyar participated in the Keraleeyam seminar, defying the ban of the leadership