വർഷങ്ങളുടെ കരാർ, വകുപ്പുകളുടെ 'അടി'; എന്താകും മണിയാറിന്റെ വിധി?

വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന നിലയ്ക്കാണ് കരാർ നീട്ടാനുള്ള സർക്കാർ നീക്കം

Update: 2024-12-15 19:33 GMT
Advertising

കെഎസ്ഇബിക്ക് അധികച്ചെലവില്ലാതെ വർഷംതോറും കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി, യൂണിറ്റിന് 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയം- മണിയാർ ജലവൈദ്യുത പദ്ധതിക്ക് ഇങ്ങനെ അനേകം സവിശേഷതകളുണ്ട്..

എന്നാലിവയൊന്നും കണക്കിലെടുക്കാതെ പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ നിലനിർത്താൻ നീക്കം നടത്തുകയാണ് സർക്കാർ. അതും കെഎസ്ഇബിയുടെ എതിർപ്പ് അവഗണിച്ച്... കരാർ 25 വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലിൽ കാർബൊറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് അനുകൂല തീരുമാനമെടുത്തതായാണ് സൂചന. തലക്കെട്ടുകളിൽ അധികം പ്രത്യക്ഷപ്പെടാതിരുന്ന മണിയാർ അങ്ങനെ വാർത്തകളിൽ നിറയുകയാണ്.

പത്തനംതിട്ടയിലെ മണിയാറിൽ 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മെയ് 18നാണ് കെഎസ്ഇബി കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡുമായി ബിഒടി വ്യവസ്ഥ പ്രകാരം 30 വർഷത്തേക്ക് കരാർ ഒപ്പിടുന്നത്. സ്വന്തം ചെലവിൽ ജലവൈദ്യുത പദ്ധതി നിർമിച്ച് കൈവശം വെച്ച് പ്രവർത്തിച്ച് കൈമാറുന്ന വ്യവസ്ഥയാണ് ബിഒടി. 1994 ഡിസംബറിൽ കമ്മിഷൻ ചെയ്ത പദ്ധതി സംബന്ധിച്ച കരാർ ഈ ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് പദ്ധതി പൂർണമായും കൈമാറണം. എന്നാലിതിന് കമ്പനി സന്നദ്ധമല്ല. പ്രളയകാലത്ത് നാശനഷ്ടമുണ്ടായി എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലാവധി നീട്ടി ചോദിക്കുകയാണ് കമ്പനി.

പദ്ധതി കൈമാറിയാൽ അടുത്ത പത്ത് വർഷം കൊണ്ട് 140 കോടി രൂപയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. പദ്ധതി കൈവിട്ട് പോയാൽ വൈദ്യുതി ബോർഡിന് പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ നഷ്ടവുമുണ്ടാകും. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന നിലയ്ക്കാണ് കരാർ നീട്ടാനുള്ള സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കരാർ നീട്ടി നൽകണമെന്ന ആവശ്യമാണ് വ്യവസായ വകുപ്പ് ഉന്നയിച്ചത്. ഊർജവകുപ്പ് എതിർത്തെങ്കിലും കരാർ നീട്ടിനൽകാമെന്ന നിലപാട് യോഗം സ്വീകരിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി ബോർഡ് നട്ടംതിരിയുമ്പോഴാണ് കടയ്ക്കൽ കത്തിവയ്ക്കുന്ന സർക്കാർ നീക്കം എന്നതാണ് ശ്രദ്ധേയം. ഇത് തന്നെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വൻ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. അഴിമതി ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്.

മണിയാർ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ കർശനമായ തീരുമാനം ഉടനടി ഉണ്ടാവണമെന്നാണ് കത്തിൽ പറയുന്നത്. അല്ലാത്തപക്ഷം ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സർക്കാർ കാണിക്കുന്ന വഞ്ചനയാവും ഇതെന്നും ചെന്നിത്തല പറയുന്നു.

കേരളത്തിന്റെ വൈദ്യുതി മേഖല, സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതി കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

45000 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിനും അതിന്റെ ബാധ്യത ഏറ്റുവാങ്ങുന്ന ജനങ്ങൾക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കരാർ പുതുക്കി നൽകുന്നത് കമ്പനിയുടെ താല്പര്യമാണോ സർക്കാരിന്റെ താല്പര്യമാണോ എന്നതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ചോദ്യം. കരാർ ലംഘനത്തിന്റെ പേരിൽ 2022ൽ കാർബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നൽകിയ നോട്ടീസ് പ്രതിപാദിച്ചായിരുന്നു സതീശന്റെ വിമർശനം. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോൾ കെഎസ്ഇബി ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനായിരുന്നു നോട്ടീസ്. കരാർ നീട്ടാനുള്ള ഇടപാടിന് പിന്നിൽ വ്യവസായ മന്ത്രിയാണെന്നും കരാർ നീട്ടിക്കൊടുക്കാൻ വ്യവസായ വകുപ്പിൽ ഗൂഢനീക്കമുണ്ടായതായും സതീശൻ ആരോപിച്ചിരുന്നു.

എന്തായാലും കരാർ നീട്ടാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനവും പദ്ധതി തിരിച്ചെടുക്കാനുള്ള കെഎസ്ഇബിയുടെ നീക്കവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും സമവായത്തിലെത്തിയില്ല. ഒടുവിൽ കരാറിന്റെ നിയമവശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. കരാർ വ്യവസ്ഥ ലംഘിച്ചാൽ പദ്ധതിയുടെ എല്ലാ നിർമിതികളും പിടിച്ചെടുക്കാൻ കെഎസ്ഇബിക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ കെഎസ്ഇബിയുടെ സമ്മതമില്ലാതെ സർക്കാരിന് പദ്ധതിക്കായി പുതിയ കരാർ ഒപ്പിടാനാവില്ല. കെഎസ്ഇബിയുടെ എതിർപ്പും വ്യവസായവകുപ്പിന്റെ അമിതാവേശവും പദ്ധതിയുടെ ഭാവി എന്താക്കും എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News