മാന്ദാമംഗലം വനംകൊള്ള; നാലു വര്‍ഷമായി നിയമ നടപടികള്‍ നേരിട്ട് ആദിവാസികള്‍
ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ടുണ്ടായിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
തൃശ്ശൂർ പട്ടിക്കാട് റേഞ്ചിന് കീഴിൽ പീച്ചി വന മേഖലയിൽ നടന്ന വനം കൊള്ളയിൽ നാലു വർഷമായി നിയമ നടപടികൾ നേരിട്ട് മാന്ദാമംഗലം താമര വെള്ളച്ചാൽ കോളനിയിലെ ആദിവാസികള്‍. വനം വകുപ്പുദ്യോഗസ്ഥർ ആദിവാസികളെ ചൂഷണം ചെയ്ത് വനംകൊള്ളയ്ക്ക് കൂട്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തിയ കേസിലാണ് ആദിവാസികൾ നിയമ നടപടി നേരിടുന്നത്.
2016ൽ സർക്കാറിന് 37 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ 16 ആദിവാസികൾക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ടുണ്ടായിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
പട്ടിക്കാട് റേഞ്ചിൽ മാന്ദാമംഗലം താമര വെള്ളച്ചാലിൽ 2015- 16 കാലഘട്ടത്തിൽ വലിയ വനം കൊള്ളയാണ് നടന്നത്. വനം വകുപ്പുദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ പ്രദേശങ്ങളിൽ മരം മുറിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
വനം മേഖലയിൽ കൃഷിക്ക് മാത്രമുപയോഗിക്കാവുന്ന എൻ ആർ എഫ് ലാൻറ് പരിധിയിലുള്ള സ്ഥലങ്ങളിലെ മരം മുറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയാതെ നടക്കില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം എന്നും റിപ്പോർട്ടിലുണ്ട്. കൂലി കൊടുത്ത് മരം മുറിക്കാനുള്ള സഹായത്തിനായി തങ്ങളെ ഒപ്പം കൂട്ടിയത് ഉദ്യോഗസ്ഥരായിരുന്നെന്നാണ് ആദിവാസികള്‍ പറയുന്നത്. പക്ഷേ അന്വേഷണം വന്നപ്പോൾ കുറ്റക്കാരായി മാറിയത് ആദിവാസികൾ മാത്രമാണ്.