വയനാട് മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ; സ്ത്രീയടക്കം പിടിയിലെന്ന് സൂചന
രാത്രിയോടെയാണ് വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്.
മാനന്തവാടി: വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്. വനമേഖലയിലെ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഉണ്ണിമായ എന്ന സ്ത്രീയടക്കം രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായെന്നും സൂചനയുണ്ട്.
വെടിവയ്പ്പിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യ വ്യക്തമല്ല. രാത്രിയോടെയാണ് വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തി പങ്കിടുന്ന, കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന പേര്യ വനമേഖലയിലാണ് വെടിവയ്പ്പുണ്ടായത്.
നേരത്തെ കൊയിലാണ്ടിയിൽ വച്ച് അനീഷ് ബാബു എന്ന തമ്പിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മാവോയിസ്റ്റ് പ്രവർത്തകനാണെണെന്നാണ് പൊലീസ് പറയുന്നത്.
ഇതിനു പിന്നാലെയാണ് തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ ആരംഭിച്ചതും പേര്യയിൽ ഏറ്റുമുട്ടലുണ്ടായതും. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച തെരച്ചിൽ വയനാട്ടിൽ തുടരുകയാണ്.
അതേസമയം, പിടിയിലായ അനീഷ് ബാബു പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡറാണെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഇയാളെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് വൈകിട്ട് അഞ്ച് മണിയോടെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ചു. അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.