മറയൂരിലെ ചന്ദന ലേലത്തില്‍ 43 കോടി 50 ലക്ഷത്തിന്‍റെ വില്‍പന
ക്ലാസ് പതിനഞ്ച് ഇനത്തില്‍പ്പെട്ട സാപ്പ് വുഡ് ചിപ്സാണ് എറ്റവും അധികം വിറ്റഴിഞ്ഞ ചന്ദന ഇനം
മറയൂര്‍: മറയൂരില്‍ നടന്ന ചന്ദന ലേലത്തില്‍ 43 കോടി 50 ലക്ഷത്തിന്‍റെ വില്‍പന. ചന്ദനതൈല ലേലത്തില്‍ 30 കോടി രൂപയുടെ ചന്ദനം വാങ്ങിയത് കര്‍ണാടക സോപ്സ് ആന്‍റ് ഡിറ്റര്‍ജന്‍റ് എന്ന പൊതുമേഖലാ സ്ഥാപനമാണ്.ക്ലാസ് പതിനഞ്ച് ഇനത്തില്‍പ്പെട്ട സാപ്പ് വുഡ് ചിപ്സാണ് എറ്റവും അധികം വിറ്റഴിഞ്ഞ ചന്ദന ഇനം.10,415 കിലോഗ്രാം ചന്ദനത്തിന്‍റെ വിൽപനയാണ് നടന്നത് .
ക്ലാസ് 6 ഇനത്തില്‍പ്പെട്ട ബഗ്രിദാദ് ചന്ദനത്തിനാണ് ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ലേലത്തില്‍ പത്ത് സ്ഥാപനങ്ങൾ പങ്കെടുത്തു. ഉണങ്ങിയതും വന്യമൃഗങ്ങള്‍ പിഴുതിടുന്നതും കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുക്കുന്നതുമായ ചന്ദനത്തടികളാണ് ചെത്തിയൊരുക്കി വിവിധ ക്ലാസുകളിലാക്കി ലേലത്തില്‍ എത്തിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണകളിലായി നടക്കുന്ന ലേലത്തില്‍ ശരാശരി 100 കോടിയോളം രൂപ സര്‍ക്കാരിന് വരുമാനം ലഭിക്കും.
കര്‍ണാടക സോപ്സ് ആന്‍റ് ഡിറ്റര്‍ജന്‍റ് ലിമിറ്റഡിനു പുറമെ കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഔഷധി, കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോ ഓപ്പറേഷന്‍, ക്ലൗഡ് 9 ജയ്പൂര്‍, സി.എം.ടി ആര്‍ട്ട്സ് ജയ്പൂര്‍, എന്നിവയ്ക്ക് പുറമേ ഗുരുവായൂര്‍ ദേവസം, വെച്ചൂര്‍ നെടുമ്പറമ്പില്‍ ദുര്‍ഗ ദേവീക്ഷേത്രം, മുള്ളികുളങ്ങര കളരിക്കല്‍ ഭഗവതി ക്ഷേത്രം, കൊച്ചിന്‍ തിരുമല ദേവസ്വം, കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയും ചന്ദന ലേലത്തില്‍ പങ്കെടുത്തു.