മർക്കസ് കാലാവസ്ഥാ ഉച്ചകോടി; ചർച്ചയായി വനിതാ പങ്കാളിത്തം

സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കണിശമായി പിന്തുടരുന്ന വിഭാഗമാണ് സമസ്ത ഗ്രൂപ്പുകൾ.

Update: 2022-10-20 09:25 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: സമസ്ത എ.പി വിഭാഗത്തിനു കീഴിലുള്ള മർക്കസ് നോളജ് സിറ്റിയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തത്തെ ചൊല്ലി വ്യാപക ചർച്ച. വനിതാ പ്രാതിനിധ്യത്തെ ഒരുവിഭാഗം അനുകൂലിക്കുമ്പോൾ പരമ്പരാഗത രീതിക്ക് ചേർന്ന നിലപാടല്ല ഇതെന്ന് മറുവിഭാഗം പറയുന്നു. സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കണിശമായി പിന്തുടരുന്ന വിഭാഗമാണ് സമസ്ത ഗ്രൂപ്പുകൾ. അവർ നിയന്ത്രിക്കുന്ന പള്ളികളിൽ സ്ത്രീകൾ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാറില്ല. സ്ത്രീകളുടെ മാത്രമായ പരിപാടികളിലാണ് വനിതാ പ്രഭാഷകർ പ്രസംഗിക്കാറുള്ളത്. എന്നാൽ മർകസ് നോളജ് സിറ്റിയിലെ പരിപാടിയിൽ വേദിയിലും സദസിലും പുരുഷൻമാരോടൊപ്പം തന്നെയാണ് സ്ത്രീകൾ പങ്കെടുത്തത്. 

താമരശ്ശേരി കൈതപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17-19 തിയ്യതികളായിരുന്നു ഉച്ചകോടി. ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാഷ്ട്രങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഈജിപ്തിലെ കെയ്‌റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗുമായി സഹകരിച്ചാണ് മർക്കസിന്റെ ആഭിമുഖ്യത്തിൽ പരിപാടി നടന്നത്. ഇതാദ്യമായാണ് ഒരു അറബ് ഇതര രാഷ്ട്രം ഉച്ചകോടിക്ക് വേദിയായത്.

'കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം' എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ''കാലാവസ്ഥയിലും പരിസ്ഥിതിയിലും മനുഷ്യന്റെ ഇടപെടൽ ആധിപത്യം ചെലുത്തുന്ന എയ്ജ് ഓഫ് ഹ്യൂമൺസിലാണ് (മനുഷ്യയുഗം) നമ്മുടെ ജീവിതം. ഭൂമിയിൽനിന്ന് മനുഷ്യവാസം ഇല്ലാതാകുന്ന പ്രശ്‌നം അഭിസംബോധന ചെയ്യേണ്ടതാണ്. അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്ന നിരവധി പ്രത്യാഘാതങ്ങൾ ശാസ്ത്ര സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യക്തമായ അതിജീവന പദ്ധതികളും സങ്കേതങ്ങളും ആവശ്യമാണ്. എയ്ജ് ഓഫ് ഹ്യൂമൺസിലെ മനുഷ്യാതിജീവനത്തെ കുറിച്ചുള്ള സംവാദങ്ങൾ ഉച്ചകോടിയിൽ നടക്കും''- പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബ്രോഷറിൽ പറയുന്നു.

ഉച്ചകോടിക്കെത്തിയ വനിതാ പ്രതിനിധികള്‍

 മുപ്പതിലേറെ സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമുള്ള എൺപതിലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിച്ചത്. ഇക്കൂട്ടത്തിലാണ് അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും സ്ഥാപന മേധാവികളുമായ വനിതാ പണ്ഡിതരും പങ്കെടുത്തത്.

ഉച്ചകോടിയുടെ വെബ്‌സൈറ്റ് നൽകുന്ന വിവരപ്രകാരം മാലദ്വീപിലെ ആവിഡ് കോളജ് ഡയരക്ടർ ഡോ. സുനീന റഷീദ്, ഈജിപ്തിലെ അൽഅസ്ഹർ മേധാവിയുടെ ഉപദേഷ്ടാവ് ഡോ. നഹ്‌ല സാബ്രി അൽസഈദി, മാലദ്വീപിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡീൻ പ്രൊഫ. ഡോ. സാകിയ മൂസ, ഹോഗർ ടെക്‌നോളജീസ് ആൻഡ് ഇന്നൊവേഷൻ ഡയരക്ടർ ജൗഹറ അഞ്ചുമുക്കിൽ എന്നിവരാണ് പരിപാടിയിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടത്.

ഉച്ചകോടിക്കെത്തിയ വനിതാ പ്രതിനിധികള്‍

ഉച്ചകോടിയിൽ മർക്കസ് നോളജ് സിറ്റി സഹസ്ഥാപകനും ജാമിഅ മർക്കസ് റെക്ടറുമായ ഡോ. അബ്ദുൽ ഹകീം അൽഅസ്ഹരി വനിതാ പ്രതിനിധിക്കൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും പുറത്തുവന്നു. സദസ്സിൽ പുരുഷ പ്രതിനിധികൾക്കൊപ്പം സ്ത്രീകൾ ഇരിക്കുന്ന ചിത്രങ്ങളുമുണ്ട്. പരിപാടികളിൽ പുരുഷന്മാരും സ്ത്രീകളും ഇടകലർന്നിരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല ഇരു സമസ്ത ഗ്രൂപ്പുകളും പരമ്പരാഗതമായി സ്വീകരിച്ചു വരുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നത്. 

നേരത്തെ, പൊതുവേദിയിൽ സമ്മാനം സ്വീകരിക്കാൻ പെൺകുട്ടിയെ കയറ്റിയതിന് സംഘാടകരെ ശാസിച്ച സമസ്ത ഇ.കെ വിഭാഗം നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ നടപടി വിവാദമായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു. ആരെയും അപമാനിച്ചിട്ടില്ലെന്നും മുതിർന്ന പെൺകുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി ആദരിക്കുന്ന രീതി സംഘടനയ്ക്കില്ലെന്നുമായിരുന്നു സമസ്തയുടെ വിശദീകരണം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് ഉച്ചകോടി നടന്നതെങ്കിലും അതിലെ വനിതാ പങ്കാളിത്തമാണ് വലിയ ചർച്ചയായത്. കാന്തപുരം ഗ്രൂപ്പിന്റെ പഴയ നിലപാടുകൾ ചൂണ്ടിക്കാട്ടി പരിപാടിയെ പലരും സാമൂഹിക മാധ്യമങ്ങളിൽ പരിഹസിക്കുന്നുണ്ട്. എന്നാൽ, മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി മർകസ് എന്നും കാണിച്ചിട്ടു കണ്ടെന്നും അതിന്റെ അടയാളമാണ് വനിതാ പങ്കാളിത്തത്തെ കാണണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News